രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞ ഇന്ന്: സോണിയയും രാഹുലും പങ്കെടുക്കും
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ഇന്നു ചുമതലയേൽക്കുന്ന രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രി പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡിയാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 119 അംഗ നിയമസഭയിൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്.
കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി ദയനീയ പരാജയം നേരിടുകയും 39 സീറ്റുകൾ മാത്രം നേടുകയും ചെയ്തു. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ അവസാനിക്കുന്നതിന് മുമ്പ് തന്നെ കെസിആർ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് നേതാക്കളുടെ ഒരു സംഘം തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനെ കണ്ടു.
തെലങ്കാന മുഖ്യമന്ത്രി എന്ന നിലയിൽ, കോൺഗ്രസ് പാർട്ടി പ്രചാരണ വേളയിൽ ആറ് ഉറപ്പുകളാണ് രേവന്ത് റെഡ്ഡി ജനങ്ങൾക്കു നൽകിയത്. ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കർഷകർക്കും കുടിയാൻ കർഷകർക്കും പ്രതിവർഷം 15,000 രൂപ, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തെലങ്കാന സമര പോരാളികൾക്ക് 250 ചതുരശ്ര യാർഡ് പ്ലോട്ടുകൾ അനുവദിക്കൽ എന്നിവയും ഈ ഉറപ്പുകളിൽ ഉൾപ്പെടുന്നു. ഇതെല്ലാം സമയ ബന്ധിതമായി നടപ്പാക്കുമെന്ന് രേവന്ത് റെഡ്ഡി മാധ്യമങ്ങളോടു പറഞ്ഞു.