അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍
ചെന്നൈ: ഗൗതം അദാനിയുമായി ഒരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അദാനി വിഷയത്തില്‍ ബിജെപി സംയുക്ത പാര്‍ലമെന്റ് സമിതി(ജെപിസി) അന്വേഷണത്തിന് ഒരുക്കമാണോയെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി ഘടകകക്ഷിയായ പട്ടാളി മക്കള്‍ കച്ചി(പിഎംകെ) എംഎല്‍എ ജി.കെ മണി നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎംകെയും ബിജെപിയും വ്യാജപ്രചാരണം നടത്തുകയാണ്. അവര്‍ പറയുന്ന വ്യവസായിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. വിഷയത്തെ കുറിച്ചു വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി വിശദീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. അദാനിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം വിഷയത്തില്‍ ജെപിസി അന്വേഷണത്തിന് ഒരുക്കമാണോ എന്ന് ബിജെപിയെയും പിഎംകെയെയും വെല്ലുവിളിക്കുകയും ചെയ്തു.
അദാനിക്കെതിരെ യുഎസില്‍ നടക്കുന്ന അഴിമതിക്കേസ് ഗുരുതരമായ വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിഎംകെ നേതാവ് വിഷയം തമിഴ്നാട് നിയമസഭയില്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇത് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമസഭയിലും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ ചെന്നൈയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അദാനി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍, സ്റ്റാലിന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മന്ത്രി സെന്തില്‍ ബാലാജി പ്രതികരിച്ചു. അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള കരാറുമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി