വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. 2026 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 27ന് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ ഡിഎംകെയെയും ബിജെപിയെയും വിജയ് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന ഒരു കൂട്ടരും കുടുംബമായി തമിഴ്‌നാടിനെ കൊള്ളയടിക്കുന്നവരുമാണ് ടിവികെയുടെ എതിരാളികളെന്നായിരുന്നു പരാമര്‍ശം. എ ടീം - ബി ടീം ആരോപണങ്ങള്‍ ഉന്നയിച്ച് തങ്ങളെ താഴെയിറക്കാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
അന്നുമുതല്‍, തമിഴ്നാട്ടിലെ നേതാക്കള്‍, പ്രത്യേകിച്ച് ഡിഎംകെയില്‍ നിന്നുള്ളവര്‍ വിജയ്യുടെ പ്രസംഗത്തിന് മറുപടി നല്‍കിക്കൊണ്ടേയിരുന്നു. ''നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങളെ എതിര്‍ക്കാന്‍ ആര് തീരുമാനിച്ചാലും അവര്‍ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയില്‍ നിന്ന് വന്നാലും അത് ഡല്‍ഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കും'' ഉദയനിധി പറഞ്ഞു. വിജയുമായി ദീര്‍ഘകാല സൗഹൃദമുള്ള ഉദയനിധി ടിവികെ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ''വര്‍ഷങ്ങളായി വിജയ് എന്റെ സുഹൃത്താണ്. കുട്ടിക്കാലം മുതലെ അറിയാം. എന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമയില്‍ അദ്ദേഹത്തെ അവതരിപ്പിച്ചു. ഈ പുതിയ സംരംഭത്തില്‍ അദ്ദേഹം വിജയിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു'' ഉദയനിധി കൂട്ടിച്ചേര്‍ത്തു.
വിജയുടെ രാഷ്ട്രീയ പ്രസംഗത്തിന് ശേഷം അതിനോടുള്ള പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം അതിനെ പ്രത്യയശാസ്ത്രങ്ങളുടെ മിശ്രിതമാണെന്നാണ് വിശേഷിപ്പിച്ചത്. ടിവികെ ഡിഎംകെയുടെ വോട്ട് ഷെയറിനെ ബാധിക്കില്ലെന്ന് മകന്‍ കാര്‍ത്തി ചിദംബരവും പറഞ്ഞു. തമിഴ്നാട് നിയമസഭാ സ്പീക്കര്‍ എം. അപ്പാവു ആകട്ടെ ബിജെപിക്ക് വേണ്ടിയുള്ള രജനികാന്തിന്റെ പകരക്കാരനാണ് വിജയ് എന്നാണ് പറഞ്ഞത്.