മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു
ബംഗളൂരു : മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് സ്ഥിരീകരിച്ചത്. കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചുവെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോർട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പനെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്‍റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവം. ബന്ദിപ്പൂരില്‍ എത്തിച്ചശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തണ്ണീര്‍ കൊമ്പന്‍റെ ജഡം ബന്ദിപ്പൂരിലെ രാമപുര ക്യാമ്പിലാണുള്ളത്.