സ്കൂൾ പാഠപുസ്തക സൊസൈറ്റികളുടെ സാമ്പത്തിക ബാധ്യതയിൽ നിന്ന് അധ്യാപകരെ ഒഴിവാക്കണം: കെപിഎസ്ടിഎ
തിരുവനന്തപുരം: ഹൈസ്കൂളുകളിൽ പാഠപുസ്തക സൊസൈറ്റികളുടെ ചുമതലയുള്ള അധ്യാപകരെ ഭാരിച്ച സാമ്പത്തികബാധ്യതയിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. 9, 10 ക്ലാസുകളിലെ വില്പന നടക്കാത്ത പാഠപുസ്തകങ്ങളുടെതുൾപ്പടെയുള്ള തുക ട്രഷറിയിലടക്കണമെന്ന നിർദേശം അധ്യാപകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ജില്ലാ പാഠപുസ്തക ഡിപ്പോകളുടെ പ്രവർത്തനത്തിൽ കൊണ്ടുവന്ന മാറ്റമാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം. പാഠപുസ്തക ഡിപ്പോകളിൽ പണമടച്ച് ആവശ്യമുള്ള പുസ്തകങ്ങൾ സ്കൂളുകൾ വാങ്ങിയിരുന്ന രീതി മാറി മുൻകൂട്ടി പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിച്ചു തുടങ്ങിയതു മുതലാണ് പ്രതിസന്ധി തുടങ്ങിയത്. പാഠപുസ്തകങ്ങൾ മാറുമ്പോൾ വില്പന നടത്താത്ത പുസ്തകങ്ങളുടെ വില സൊസൈറ്റി സെക്രട്ടറിമാർ അടയ്ക്കേണ്ടതുണ്ട്. പണമടച്ചില്ലെങ്കിൽ സെക്രട്ടറിമാരുടെ വ്യക്തിഗത ബാധ്യതയായി മാറുന്ന സാഹചര്യം അനുവദിച്ചു കൊടുക്കില്ലെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വില്പന നടക്കാത്ത പുസ്തകങ്ങളും മാറുന്ന പാഠപുസ്തകങ്ങളും സർക്കാർ തിരിച്ചെടുക്കണം. അധ്യാപകരുടെ വിരമിക്കൽ ആനുകൂല്യങ്ങളിൽ നിന്നുവരെ ബാധ്യതകൾ ഈടാക്കാനുള്ള നീക്കം സംഘടന ശക്തമായി ചെറുക്കും.
സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൾമജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ് പ്രസിഡൻ്റ് ഷാഹിദ റഹ്മാൻ, അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ രാജ്മോഹൻ , വൈസ് പ്രസിഡൻ്റുമാരായ കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, സെക്രട്ടറിമാരായ പി വി ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജി കെ ഗിരീഷ്, ജോൺ ബോസ്കോ, വർഗ്ഗീസ് ആൻ്റണി, പി എസ് മനോജ്, പി എം നാസർ, പി വിനോദ് കുമാർ, എം കെ അരുണ എന്നിവർ പ്രസംഗിച്ചു.