ഭീകരാക്രമണ മുന്നറിയിപ്പ്: ഇസ്രയേല്‍ പൗരന്മാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വിട്ടു പോകണമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍
തെല്‍ അവീവ്: ശ്രീലങ്കയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇസ്രയേലി ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ആക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ്. വിനോദയാത്രക്കും മറ്റുമായി വന്ന് റിസോര്‍ട്ടുകളില്‍ താമസിക്കുന്ന ഇസ്രയേല്‍ പൗരന്മാര്‍ അവിടെ നിന്ന് വിട്ടുപോകാന്‍ ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ (എന്‍എസ്‌സി) മുന്നറിയിപ്പ് നല്‍കി.
ശ്രീലങ്കയിലെ അരുഗം ബേ മേഖലയിലും ദ്വീപിന്റെ തെക്കും പടിഞ്ഞാറുമുള്ള മറ്റ് ബീച്ചുകളിലുമുള്ള ഇസ്രായേലികള്‍ ഉടന്‍ ഒഴിയണമെന്നാണ് നിര്‍ദേശം. പൗരന്മാരെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ''ഈ പ്രദേശങ്ങളില്‍നിന്ന് മാറുന്നവര്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ ശ്രീലങ്കന്‍ സുരക്ഷാ സേനയുടെ സജീവ സാന്നിധ്യമുള്ള തലസ്ഥാനമായ കൊളംബോയിലേക്ക് പോകുകയോ ചെയ്യണം' എന്‍.എസ്.സി പ്രസ്താവനയില്‍ പറഞ്ഞു. ഹീബ്രു എഴുത്തുകളുള്ള ടീ-ഷര്‍ട്ടുകള്‍ ധരിക്കുന്നതുപോലെ അല്ലെങ്കില്‍ അവരുടെ മതമോ ദേശീയതയോ വെളിപ്പെടുത്തുന്ന ഏതെങ്കിലും ചിഹ്നം ധരിക്കുന്നത് പോലെ, ഇസ്രായേലിയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന എന്തും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു.
''സുരക്ഷയില്ലാത്ത പൊതുസ്ഥലങ്ങളില്‍ ഇസ്രായേല്‍ പൗരന്മാര്‍ ഒത്തുകൂടുന്നത് ഒഴിവാക്കുക. എന്തെങ്കിലും സംശയമോ അസാധാരണ സംഭവമോ ഉണ്ടായാല്‍ പ്രാദേശിക സുരക്ഷാ സേനയെ അറിയിക്കുക,' പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേല്‍ സുരക്ഷാ സേന ശ്രീലങ്കന്‍ സുരക്ഷാ സേനയുമായി ബന്ധപ്പെട്ട അധികൃതരുമായി വഴി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും എന്‍എസ്‌സി അറിയിച്ചു.
ശ്രീലങ്കയുടെ തെക്ക് കിഴക്കന്‍ മേഖലയില്‍ തമിഴ് ആധിപത്യമുള്ള അമ്പാറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് അരുഗം ബേ ഏരിയ. ശ്രീലങ്കയുടെ സര്‍ഫ് തലസ്ഥാനമായി കണക്കാക്കപ്പെടുന്ന ബേ ഏരിയ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. എല്ലാ വര്‍ഷവും മാര്‍ച്ചിലും ഒക്ടോബറിലും സര്‍ഫിംഗ് സീസണിലാണ് ഇസ്രായേലികള്‍ സാധാരണയായി അരുഗം ബേയില്‍ വരുന്നത്. ഇത്തവണയും അരുഗം ബേ ഏരിയയിലെത്തിയ 50 ശതമാനം വിനോദസഞ്ചാരികളും ഇസ്രായേലികളായിരുന്നു.
അടുത്തിടെ, ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ഡോ.വിജിത ഹെറാത്ത് ഗസ്സക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ രാജ്യത്തിന്റെ ആശങ്ക അറിയിക്കുകയും ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ''ഗസ്സയിലെ മാനുഷിക സാഹചര്യം ദിവസം ചെല്ലുന്തോറും കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ലബനാനിലെ സമീപകാല സംഭവവികാസങ്ങള്‍ ആശങ്കയുണര്‍ത്തുന്നു'' എന്നാണ് വിജിത പറഞ്ഞത്. ഇപ്പോള്‍ ഇസ്രായേലിന്റെ മുന്നറിയിപ്പും യുഎസിന്റെ ജാഗ്രതാ നിര്‍ദേശവും ശ്രീലങ്കയുടെ തെക്കുകിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാരികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
കൊളംബോയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ, യാത്ര ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അരുഗം ബേ ലക്ഷ്യമിട്ട് ചില ആക്രമണ പദ്ധതികള്‍ക്ക് ആസൂത്രണമുള്ളതായി വിശ്വസനീയ വിവരം കിട്ടിയതായി യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കന്‍ പൗരന്‍മാര്‍ അരുഗം ബേ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശമുണ്ട്.
റഷ്യയും തങ്ങളുടെ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഇന്റലിജന്‍സ് ഏജന്‍സികളുമായി ചേര്‍ന്ന് പൊലീസ് നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശമുണ്ട്. സംശയാസ്പദമായ എന്തെങ്കിലും നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കാനായി സന്ദര്‍ശകര്‍ക്കായി ഒരു ഹോട്ട്ലൈന്‍ സംവിധാനം ആവിഷ്‌കരിക്കണമെന്നും നിര്‍ദേശമുണ്ട്.