രാഹുൽ ഗാന്ധി നിശ്ചയദാർഢ്യം കൊണ്ട് വെറുപ്പിന്റെ തെരുവിൽ സ്നേഹത്തിന്റെ കട തുറന്നു : കെ എം ഷാജി
കുവൈത്ത് സിറ്റി: ജനാധിപത്യത്തിന് മൂല്യം കൽപ്പിച്ച രാഹുൽ ഗാന്ധി നിശ്ചയദാർഢ്യം കൊണ്ട് വെറുപ്പിന്റെ തെരുവിൽ സ്നേഹത്തിന്റെ കട തുറന്നു വെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ശ്രീ കെ എം ഷാജി പറഞ്ഞു. ഫാസിസ്റ്റു ഭരണ കാലത്ത് ആസൂത്രിതമായ ആർ എസ് എസ് അജണ്ടയെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. നാളെ ഭരണത്തിന്റെ ശരിതെറ്റുകൾ വിമർശിക്കാനുള്ള നമ്മുടെ അവകാശത്തിനായി ജനാധിപത്യം ഈ രാജ്‌ജ്യത്തു നില നിന്നേമതിയാവൂ. ഓ കെ വാസുവും അശോകനും പാര്ടിയിലെത്തിയാൽ മഹത്തരവും സന്ദീപ് വാരിയരാണെങ്കിൽ അത് കെട്ടതുമാണെന്ന നിലപാട് അപഹാസ്യമാണ്. കെഎംസിസി അബ്ബാസിയ സെൻട്രൽ സ്‌കൂളിലെ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'തംകീൻ' മഹാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കേരളം ഏറെ കാതോർക്കുന്ന കെ എം ഷാജിയെ കേൾക്കുവാനായി ആയിരങ്ങളാണ് സെൻട്രൽ സ്‌കൂളിൽ തടിച്ചു കൂടിയിരുന്നത്. 'തംകീൻ' അഥവാ ശാക്തീകരണം എന്ന പ്രമേയവുമായി കുവൈത്ത് കെ എം സി സി കഴിഞ്ഞ രണ്ടു മാസക്കാലം നടത്തിയ പ്രമേയ ചർച്ചക്ക് മഹാസമ്മേളനത്തോടെ പ്രൗഢമായ സമാപനമായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറ ലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രെട്ടറി പി എം എ സലാം മുഖ്യാതിഥി ആയിരുന്നു.
മൂന്നാമത് ഇ അഹമ്മദ് എക്സലൻസി അവാർഡ് എം.എ ഹൈദർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എസ്.എം ഹൈദറലിക്ക് കൈമാറി. മുഖ്യസ്പോൺസർ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ പ്രകാശനം ഗ്രൂപ്പ് എം.ഡി മുസ്തഫ ഹംസക്ക് നൽകി കൊണ്ട് സയ്യിദ് മുനവ്വർ അലി തങ്ങൾ പ്രകാശനം ചെയ്തു. കെഎംസിസി പുതിയ അപ്ലിക്കേഷൻ ലോഞ്ചിങ്ങും പുതിയ മെമ്പർഷിപ് ആദ്യ കാർഡ് വിതരണവും 2025 കലണ്ടറും സമ്മേളനോപഹാരമായ ‘ദർശനം തംകീൻ’ സ്പെഷ്യൽ പതിപ്പ് സോവനീർ പ്രകാശനവും നടന്നു. ഇന്ത്യൻ ഡോക്ടേർസ് ഫോറം മുൻ പ്രസിഡണ്ട് ഡോക്ടർ അമീർ അഹമ്മദ്, മുനവ്വറലി തങ്ങളിൽ നിന്നും കുവൈത്ത് കെഎംസിസി അംഗത്വം സ്വീകരിച്ചു. യു എന്നിലെ കുവൈത്ത് അംബാസിഡർ ഷെയ്‌ഖ ഉമ്മ് അബ്ദില്ല അൽ സബാഹ്, ബ്രിഗേഡിയർ അബ്ദുല്ല ഖാലിദ് അൽ ദുവൈല, ഇ അഹമ്മദ് എക്സലൻസി അവാർഡ് ജേതാവ് ഡോക്ടർ എസ് എം ഹൈദർ, മെട്രോ മെഡിക്കൽ എം.ഡി മുസ്തഫ ഹംസ, അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹിമാൻ, 'മാംഗോ' മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദ് എന്നിവരും പ്രസംഗിച്ചു.
കെ എം സി സി ഉപദേശക സമിതി ചെയർമാൻ ടി ടി സലിം, വൈസ് ചെയർമാൻ ബഷീർ ബാത്ത, സംസ്ഥാന ഭാരവാഹികളായ റഊഫ് മശ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം ആർ നാസർ, ഡോക്ടർ മുഹമ്മദലി, എം.കെ അബ്ദുറസാഖ്, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, ഫാസിൽ കൊല്ലം എഞ്ചിനിയർ മുഷ്‌താഖ്, ഇല്യാസ് വെന്നിയൂർ, ഉപദേശക സമിതി അംഗങ്ങളായ സിദ്ധിഖ് വലിയകത്ത്, ഇസ്മായിൽ ബെവിഞ്ച,കെ കെ പി ഉമർകുട്ടി, മുൻ പ്രസിഡണ്ട് കുഞ്ഞമ്മദ് പേരാമ്പ്ര, ലത്തീഫ് നീലഗിരി എന്നിവർ സംബന്ധിച്ചു. ഡോക്ടർ ഗാലിബ് അൽ മശ്ഹൂർ തങ്ങൾ അറബ് നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തി. കുവൈത്ത് കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.