For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

യുഡിഎഫ് നേടിയ ചരിത്ര വിജയം മതേതരത്വത്തിന്റെ വിജയമാണെന്ന്; വി.കെ ശ്രീകണ്ഠന്‍ എംപി

05:20 PM Nov 24, 2024 IST | Online Desk
യുഡിഎഫ് നേടിയ ചരിത്ര വിജയം മതേതരത്വത്തിന്റെ വിജയമാണെന്ന്  വി കെ ശ്രീകണ്ഠന്‍ എംപി
Advertisement

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് നേടിയ ചരിത്ര വിജയം മതേതരത്വത്തിന്റെ വിജയമാണെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി. മതേതര മനസ്സിനെ കളങ്കപ്പെടുത്തുന്ന ഒരുപാട് കുപ്രചരണങ്ങളാണ് ബിജെപിയും സിപിഎമ്മും അഴിച്ചുവിട്ടത്. എന്നാല്‍ പാലക്കാടന്‍ ജനത ഇതെല്ലാം അവഗണനയോടെ തള്ളിക്കളയുകയായിരുന്നുവെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി പറയാനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എംപി ഇക്കാര്യം വ്യക്തമാക്കിയത്.
യുഡിഎഫിന് ആധികാരികമായ വിജയമാണ് പാലക്കാട് മതേതര മനസ്സ് സമ്മാനിച്ചത്. പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ബിജെപിയും സിപിഎമ്മും ചൊരിഞ്ഞു. ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായാണ് നേരിട്ടത്. മുമ്പെങ്ങും ഇല്ലാത്ത വിധം യുഡിഎഫ് ഒത്തൊരുമയോടെ സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ അണിനിരന്നു. ഒരു വിഭാഗം മാധ്യമങ്ങളുടെയും എതിര്‍ചേരിയുടെയും കുപ്രചരണങ്ങളാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞത്. കേന്ദ്രസര്‍ക്കാരിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയുമുള്ള ജനരോഷത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. സമസ്ത മേഖലയും തകര്‍ത്ത ഭരണമാണ് ഇടതുസര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത്. സാധാരണക്കാരായ രോഗികള്‍ക്ക് മരുന്നു വാങ്ങാന്‍ പോലും പൈസയില്ല, ആശുപത്രിയിലാകട്ടെ മരുന്നുമില്ല. വെള്ളം-വൈദ്യുതി നിരക്കുകള്‍, വീട്ടുനികുതി എന്നിവയെല്ലാം വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിതം പൊറുതിമുട്ടിച്ചു. പാവങ്ങളെ കൈവിട്ട സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എന്ത് സംഭവിച്ചാലും കേന്ദ്രം കൂടെയുണ്ടാവില്ലെന്ന വെളിപ്പെടുത്തലാണ് വയനാട് സംഭവത്തിലൂടെ തെളിഞ്ഞത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഇത് പാടെ അവഗണിക്കുകയായിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ വോട്ടായി മാറിയിട്ടുണ്ട്. സമൂഹത്തിലെ ജരാനര ബാധിച്ച വ്യവസ്ഥിതിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. കണ്ണൂരില്‍ ബിജെപി നേതാവ് സിപിഎമ്മില്‍ ചേര്‍ന്നപ്പോള്‍ ഇല്ലാത്ത അസ്വസ്ഥതയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തപ്പോള്‍ സിപിഎമ്മിന് ഉണ്ടായത്. ആര് സിപിഎമ്മിലേക്ക് പോയാലും അവര്‍ നല്ലവരാന്നും മറിച്ചായാല്‍ മോശക്കാരെന്നും സിപിഎം പറയും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാരമ്പര്യമുള്ള വനിതാ നേതാവിനെ സിപിഎം ഒഴിവാക്കുകയായിരുന്നു. മറിച്ച് രായ്ക്ക്‌രാമാനം പാര്‍ട്ടിയില്‍ ചേക്കേറിയ ആളെ സ്ഥാനാര്‍ത്ഥിയാക്കി. ഇതൊന്നും തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. യുഡിഎഫിനെതിരായ ജനവികാരം ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു ഇത്തരം ചെയ്തികള്‍. എന്നാല്‍ ഇതെല്ലാം പാലക്കാട്ടെ ജനത അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു. പാവങ്ങളുടെ പാര്‍ട്ടിയായ സിപിഎം ഇന്ന് പണക്കാരുടെ പാര്‍ട്ടിയായി മാറി. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടതുമുന്നണി പരാജയപ്പെട്ടതായും എംപി പറഞ്ഞു.
ജനങ്ങളുടെ വികാരം മനസ്സിലാക്കാനുള്ള ശേഷി സിപിഎം നേതാക്കള്‍ക്ക് നഷ്ടമായിരിക്കുകയാണ്. അന്നന്നത്തെ അന്നതിനുള്ള സാധാരണക്കാരുടെ വികാരം പോലും സിപിഎം മറന്നു കഴിഞ്ഞു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയായിരുന്ന സിപിഎമ്മിന് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ബംഗാളിലും ത്രിപുരയിലും ഉണ്ടായ ഈ പരിണാമം അടുത്ത് കേരളത്തിലും നടക്കും. സിപിഎം ദുര്‍ബലമാകും. പാര്‍ട്ടി ചിഹ്നം പോലും സിപിഎമ്മിന് ഉപേക്ഷിക്കേണ്ടി വന്നു. പാര്‍ട്ടി ചിഹ്നം ഒളിപ്പിച്ചുവെച്ച കച്ചവടം നടത്തിയ നേതൃത്വം നാളെ ഇതിന് മറുപടി പറയേണ്ടി വരുമെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.
പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വോട്ട് നേടാനാണ് സിപിഎം ശ്രമിച്ചത്. വര്‍ഗീയകക്ഷികളുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല എന്ന് ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് വ്യക്തമായി അറിയാം. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ആരുടെ വോട്ടിനും യുഡിഎഫ് അയിത്തം കല്‍പ്പിക്കാറില്ല. ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും വോട്ട് വേണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ജനങ്ങള്‍ക്ക് വേണ്ടി ഒരു നയവും നിലപാടും പ്രഖ്യാപിക്കാതെയാണ് മുഖ്യമന്ത്രി പാലക്കാട് വന്നുപോയത്. ഭരണപരാജയം മൂടിവെക്കാനാണ് ഇത്തരം ശ്രമങ്ങള്‍ ബിജെപിയും സിപിഎമ്മും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വിജയത്തില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ വരവ് ഒരു ഘടകമായിരുന്നുവെന്നും വി.കെ. ശ്രീകണ്ഠന്‍ എംപി കൂട്ടിച്ചേര്‍ത്തു.

Advertisement

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പോടെ ബിജെപിയുടെയും സിപിഎമ്മിന്റെയും നട്ടെല്ല് തകര്‍ന്നുവെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി. ഒരേ തൂവല്‍ പക്ഷികളായാണ് ഇരുവരും യുഡിഎഫിനെ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. എന്നാല്‍ എല്ലാമറിയുന്ന പാലക്കാട് വോട്ടര്‍മാര്‍ ഇതിനെതിരെ വിധിയെഴുതുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ മേല്‍ക്കോയ്മ തന്നെയാണ് നഷ്ടപ്പെട്ടത്. അവര്‍ക്കുള്ളില്‍ പടലപ്പിണക്കം രൂക്ഷമായിരുന്നു നേരത്തെ ഉണ്ടായിരുന്ന ചെയര്‍പേഴ്‌സണ്‍ വരെ രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായതാണ്. പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ ശോഭാ സുരേന്ദ്രന്റെ പോസ്റ്റര്‍ വരെ ഉയര്‍ന്നതാണ്. നഗരസഭയ്ക്ക് മുന്നില്‍ വെച്ച ബോര്‍ഡ് തകര്‍ക്കപ്പെട്ടിട്ടും ജില്ലാ നേതൃത്വം ഒരു നടപടിയും സ്വീകരിച്ചില്ല. ഒരു സമുദായത്തെ ഒറ്റപ്പെടുത്തി മേല്‍ക്കൈ നേടാനാണ് ബിജെപിയിലെ ഒരു വിഭാഗം ശ്രമിച്ചത്. കേന്ദ്ര വിഹിതം ലഭ്യമായിട്ട് പോലും നഗരസഭയില്‍ അടിസ്ഥാന വികസനങ്ങള്‍ നടപ്പായില്ല. ബിജെപിക്കുള്ളില്‍ ചേരിപ്പോരാണ് ഇതിന് കാരണമായത്. കഴിഞ്ഞ 14 വര്‍ഷത്തെ നഗരസഭാ ഭരണത്തിന് അറുതി വരുത്താന്‍ ഇവിടുത്തെ ജനത ആഗ്രഹിക്കുന്നുണ്ട് അടുത്ത നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തും. അഴിമതിയില്‍ മുങ്ങിക്കുളിച്ച നഗരസഭക്ക് എതിരെയള്ള ജനവികാരം കൂടിയാണ് പാലക്കാട് നഗരസഭയില്‍ വോട്ടര്‍മാര്‍ ബാലറ്റിലൂടെ പ്രതിഫലിപ്പിച്ചതെന്നും എംപി വ്യക്തമാക്കി.
യുഡിഎഫിന്റെ ശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് ഇരുവരും വിവാദങ്ങളുമായി മുന്നോട്ടു പോയത്. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ ധാരണ യുഡിഎഫ് ഒറ്റക്കെട്ടായി ചെറുതോല്‍പ്പിക്കുകയായിരുന്നു. കത്ത് വിവാദവും പെട്ടി വിവാദവും ഇതില്‍ ചിലത് മാത്രമാണ്. ഇ.പി ജയരാജന്‍ വിഷയവും എന്‍.എന്‍. കൃഷ്ണദാസ് വികസനം ചര്‍ച്ച ചെയ്യണമെന്നു പറഞ്ഞതും ആരും മുഖവിലയ്ക്ക് എടുത്തില്ല. പകരം എ.കെ ബാലന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി, മന്ത്രി എം.ബി. രാജേഷ് എന്നിവര്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ക്ക് പുറകെ പോവുകയായിരുന്നു. എന്നാല്‍ ഇതെല്ലാം ബൂമറാംഗ് പോലെ എല്‍ഡിഎഫിന് തിരിച്ചടി മാത്രമാണ് ഉണ്ടാക്കിയത്. പെട്ടി വിവാദം ഉണ്ടാക്കിയത് സിപിഎമ്മും ബിജെപിയും ഒത്തുചേര്‍ന്നാണ്. സിപിഎമ്മിന് കിട്ടിയ രഹസ്യ വിവരം പൊലീസിന് കൈമാറുകയായിരുന്നു എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇത് മലര്‍ന്നു കിടന്നുതുപ്പുന്നതിന് തുല്യമായിരുന്നു. പാതിരാ റെയ്ഡ് നാടകം ഇരുകൂട്ടരും ചേര്‍ന്ന് ഉണ്ടാക്കിയതാണ്. ഒരു മാധ്യമപ്രവര്‍ത്തകനും ഇതില്‍ പങ്കാളിയായി. റെയ്ഡ് നടക്കുമ്പോള്‍ ഒരുപറ്റം സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ ഇവിടേക്ക് ഇരച്ചുകയറുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ, ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെയായിരുന്നു റെയ്ഡ് നടത്തിയത്. 42 മുറികളുള്ള ഹോട്ടലില്‍ രണ്ടു മുറികളില്‍ മാത്രം റെയ്ഡ് നടത്തിയതില്‍ നിന്നുതന്നെ ഇവര്‍ക്കുള്ള പങ്ക് വ്യക്തമാണ്. നിഗൂഢമായ ഈ സംഭവം സംസ്ഥാനത്തു തന്നെ ആദ്യത്തെതാണെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.
സിപിഎമ്മും ബിജെപിയും തൃശ്ശൂരിലെ പോലെ ഇവിടെയും ബാന്ധവം തുടരുമെന്ന് യുഡിഎഫിന് മുന്‍കൂട്ടി അറിയാമായിരുന്നു. റെയ്ഡ് നാടകം പൊളിക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനും സിപിഎം നേതൃത്വവും തമ്മിലുള്ള ഗൂഢാലോചനയുടെ പരിണിതഫലമാണ് പാലക്കാട്ടെ വിവാദങ്ങള്‍ക്ക് പുറകില്‍. പാലക്കാട്ടെ മതേതര സംവിധാനം തകര്‍ക്കാന്‍ യുഡിഎഫ് ആരേയും അനുവദിക്കില്ലെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി. ഷാഫി പറമ്പില്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. എംപി ഫണ്ടില്‍ നിന്നും ലഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങളും പാലക്കാട്ട് നടപ്പാക്കും. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് ആദ്യം പരിഗണന. കൂടുതല്‍ വിനയത്തോടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും രാഷ്ട്രീയ വിവേചനമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നതെന്നും വി.കെ. ശ്രീകണ്ഠന്‍ എംപി കൂട്ടിച്ചേര്‍ത്തു.

Tags :
Author Image

Online Desk

View all posts

Advertisement

.