വിവാഹത്തില്‍നിന്ന് പിന്‍മാറിയ വിരോധത്തില്‍ യുവതിയുടെ വീടിന് തീവെച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
മഞ്ചേശ്വരം: വിവാഹത്തില്‍നിന്ന് പിന്‍മാറിയ വിരോധത്തില്‍ യുവതിയുടെ വീടിന് തീവെച്ച കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് കോഴിക്കോട്ട് അറസ്റ്റ് ചെയ്തു. വയനാട് വൈത്തിരി ചുണ്ടയിലെ ശിവകുമാറിനെ(43)യാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശിനിയുടെ പരാതിയിലാണ് കേസ്. ശിവകുമാര്‍ യുവതിയോട് പല തവണ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതിനെ യുവതിയും കുടുംബവും എതിര്‍ത്തിരുന്നു. 23ന് പുലര്‍ച്ചെ മൂന്നര മണിക്ക് ശിവകുമാര്‍ കുപ്പിയില്‍ നിറച്ച പെട്രോളുമായി യുവതിയുടെ വീടിന്റെ പിറകുവശത്തെ വാതില്‍ തള്ളിനീക്കി അകത്തുകയറി.
യുവതിയും മറ്റു കുടുംബാംഗങ്ങളും ഉറങ്ങികിടക്കുകയായിരുന്ന മുറിയിലേക്ക് പെട്രോളൊഴിച്ച് തീ കൊടുക്കുകയായിരുന്നു. പായക്കും വിരിപ്പിനും തീ പടര്‍ന്ന് പിടിച്ചു. ബഹളം കേട്ട് അയല്‍ വാസികളെത്തിയാണ് തീയണച്ചത്. കൂലിതൊഴിലാളിയായ ശിവകുമാര്‍ ഹൊസങ്കടിയിലെ ഒരു ബന്ധുവീട്ടില്‍ എത്തിയതിന് ശേഷമാണ് യുവതിയുമായി അടുപ്പത്തിലായത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.