രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: അഡ്വ.രണ്‍ജീത് ശ്രീനിവാസ് വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 പ്രതികളില്‍ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്‌ലം എന്നിവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. തുടര്‍ന്ന് കോടതി സര്‍ക്കാരിന് നോട്ടിസ് അയച്ചു. കേസ് മാര്‍ച്ച് 13ന് വീണ്ടും പരിഗണിക്കും
മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി നേരത്തെ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. ഈ സാഹചര്യത്തില്‍ ശിക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതി 15 പ്രതികള്‍ക്കും നോട്ടിസ് അയച്ചിരുന്നു.
ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസ് 2021 ഡിസംബര്‍ 19ന് രാവിലെയാണ് കൊല്ലപ്പെടുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണു കോടതി 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്.