ഇന്ത്യയെ കണ്ടെത്തിയ രാഷ്ട്രശില്പി; ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അറുപതാം ചരമവാര്‍ഷികം
ഇന്ത്യയെ കണ്ടെത്തിയ രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിന്റെ ഓർമദിനമാണ് ഇന്ന്. ചിതറിനിന്ന മനുഷ്യരെ കൂട്ടിപ്പിടിച്ച മതേതര വാദിയായിരുന്നു അദ്ദേഹം. മരണപ്പെട്ട് അറുപത് വർഷം പിന്നിടുമ്പോഴും നെഹ്റുവും അദ്ദേഹത്തിന്റെ ഭരണമികവും രാജ്യം കൃത്യമായി ചർച്ചചെയ്യുന്നുണ്ട്.
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയതും വളര്‍ത്തിയതും നെഹ്‌റുവിന്റെ ദര്‍ശനങ്ങളും നയങ്ങളുമായിരുന്നു. വൈവിധ്യമാര്‍ന്ന മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഒരു രാജ്യത്ത് വര്‍ഗീയതയുടെ വിഷം കലക്കുന്നതിലല്ല, മറിച്ച് ജനതയുടെ ഐക്യം സംരക്ഷിക്കുന്നതിലാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് വിശ്വസിച്ച പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു.
വ്യാവസായികവല്‍ക്കരണത്തിലൂടെയും ശാസ്ത്രീയ പുരോഗതിയിലൂടെയും ഇന്ത്യയെ നവീകരിക്കാനാണ് നെഹ്‌റു ലക്ഷ്യമിട്ടത്. നിരവധി പൊതുമേഖലാ സംരംഭങ്ങള്‍ സ്ഥാപിക്കപ്പെട്ടു. പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി ഗവേഷണ ലബോറട്ടറികളും സ്ഥാപിക്കപ്പെട്ടു.
അരനുറ്റാണ്ടിനും മുമ്പ് ഇന്ത്യയുടെ ഭാവിയെ കുറിച്ച് ചിന്തിച്ച് പ്രവർത്തിച്ചിരുന്ന ഒരു പ്രധാനമന്ത്രി ഇന്നത്തെ പ്രധാനമന്ത്രിയുടെയും അനുയായികളുടെയും ഉറക്കം കെടുത്തുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ടാണ് മരിച്ച് അറുപത് വർഷം കഴിയുമ്പോഴും നെഹ്റുവിനെതിരെ ആരോപണങ്ങളും അസത്യങ്ങളും നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുയായികളും പ്രചരിപ്പിക്കുന്നത്.