For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് പാലക്കാട് പാര്‍ട്ടി വിട്ട എരിയ കമ്മിറ്റിയംഗം

11:50 AM Oct 25, 2024 IST | Online Desk
മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് പാലക്കാട് പാര്‍ട്ടി വിട്ട എരിയ കമ്മിറ്റിയംഗം
Advertisement

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിച്ചിരിക്കെ ജില്ലയിലെ സി.പി.എമ്മില്‍ പൊട്ടിത്തെറി. സി.പി.എം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭ കൗണ്‍സിലറും പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററുമാണ് അബ്ദുല്‍ ഷുക്കൂര്‍.

Advertisement

സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് ഷുക്കൂര്‍ പറയുന്നു. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ചവിട്ടി താഴ്ത്തുകയാണ്. ഒരുപാടായി സഹിക്കുകയാണ്. ജില്ല സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. ജില്ല സെക്രട്ടറിയുടെ പെരുമാറ്റം സഹിക്കാവുന്നതിലും അപ്പുറമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിച്ചില്ലെന്നും ചുമരെഴുതിയില്ലെന്നുമാണ് തനിക്കെതിരായ നേതൃത്വത്തിന്റെ കുറ്റാരോപണം. ഇതൊന്നും തന്നെ ഏല്‍പിച്ചിട്ടുള്ള കാര്യങ്ങളായിരുന്നില്ല. ബൂത്ത് സെക്രട്ടറിമാര്‍ ചെയ്യാത്ത കാര്യങ്ങളില്‍ തനിക്കുമേല്‍ കുറ്റം ചുമത്തുകയാണ്.

നാല്‍പതോളം പേരുള്ള യോഗത്തിലാണ് തന്നെ അവഹേളിച്ചത്. നിന്നെ കാണിച്ചു തരാമെന്ന് ഏതാനും ദിവസം മുമ്പ് സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷം യോഗത്തില്‍ അപമാനിച്ചു. സഹിച്ചു നില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ട് പാര്‍ട്ടിയുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചതെന്നും ഷുക്കൂര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് ജില്ല സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂര്‍ ആരോപിച്ചു.

അതേസമയം, പാര്‍ട്ടിവിട്ട അബ്ദുല്‍ ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള ശ്രമം സി.പി.എം തുടങ്ങി. മുതിര്‍ന്ന സി.പി.എം നേതാവ് എന്‍.എന്‍ കൃഷ്ണദാസ് ഷുക്കൂറിന്റെ വീട്ടിലെത്തി സംസാരിച്ചു. ഷുക്കൂര്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ച് അറിവില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോടും മോശമായി ജില്ല സെക്രട്ടറി പെരുമാറില്ല. അതൊക്കെ തെറ്റിദ്ധാരണയാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാവാറുണ്ട്. അതെല്ലാം പറഞ്ഞ് തീര്‍ക്കാറുമുണ്ട്. ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ സംസാരിക്കുമെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി.

Tags :
Author Image

Online Desk

View all posts

Advertisement

.