For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയതയാണ് ബിജെപി ഉയര്‍ത്തിവിടുന്നത്; വി.ഡി സതീശന്‍

06:26 PM Apr 22, 2024 IST | Online Desk
വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയതയാണ് ബിജെപി ഉയര്‍ത്തിവിടുന്നത്  വി ഡി സതീശന്‍
Advertisement

പാലക്കാട്: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍
ബാക്കി നില്‍ക്കെ വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയതയാണ് ബിജെപി ഉയര്‍ത്തിവിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിദ്വേഷത്തിന്റെ ക്യാമ്പെയിനാണ് ബിജെപി നടത്തുന്നത്. പരാജയഭീതിയിലാണ് ബിജെപി വിദ്വേഷ പ്രചരണം നടത്തുന്നത്. രാജ്യം അപകടത്തിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. ഈ വര്‍ഗീയ അജണ്ടക്കെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നത്. ധനകാര്യവിദഗ്ധനായ ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് വര്‍ഗീയവല്‍ക്കരിക്കുകയാണ് ബിജെപി ചെയ്യുന്നത്. സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം നടത്തുകയാണ് വേണ്ടതെന്നാണ് മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടത്. നീതിപുര്‍വ്വമായ വിതരണം നടത്തിയാല്‍ മാത്രമെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയവല്‍ക്കരിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായി അക്രമം നടക്കുകയാണ്. അവരുടെ ദേവാലയങ്ങള്‍ തകര്‍ത്തു. വൈദികര്‍ക്ക് നേരെ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. രാജ്യത്ത് 2600 ലേറെ അക്രമസംഭവങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെയുണ്ടായത്. തിരുവനന്തപുരത്തെത്തി ക്രൈസ്തവര്‍ക്കൊപ്പമാണെന്ന് പറയുകയും ചെയ്യുന്നു. കേരളത്തില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ അങ്ങോട്ട് തിരിഞ്ഞുപോലും നോക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ പ്രതിപക്ഷം മിണ്ടിയില്ലെന്നാണ് ബിജെപിയുടെ പ്രചരണം. പ്രതിപക്ഷമാണ് പ്രതിഷേധവുമായി തുടക്കം മുതല്‍ രംഗതത്തിറങ്ങിയത്. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രസിഡന്റ് തുടങ്ങിയവര്‍ നിരാഹാരം അനുഷ്ഠിച്ചതിന്റെ ആറാംദിവസമാണ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. ശക്തമായ സമരമാണ് പ്രതിപക്ഷം നടത്തിയത്. പ്രതിപക്ഷത്തെ പരാജയപ്പെടുത്താനുള്ള അവാസനശ്രമമായാണ് ബിജെപി വര്‍ഗീയത അഴിച്ചുവിടുന്നത്. തിരുവനന്തപുരത്ത് വര്‍ഗീയമായ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ മോദിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്നതിന്റെ പേരില്‍ ഇപ്പോള്‍ പൊലിസ് കേസെടുത്തിരിക്കുകയാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ തന്നെ തകിടം മറിഞ്ഞു. സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ജനവികാരം മറച്ചുവെക്കാനാണ് ദിവസവും പൗരത്വവിഷയവുമായി സിപിഎം പ്രചരണം നടത്തുന്നത്. പൗരത്വ നിയമത്തിനെതിരായി കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിട്ടുണ്ട്. രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള എംപിമാര്‍ വോട്ട് ചെയ്യതതിന്റെ രേഖ ഹാജരാക്കിയിട്ടും പിണറായി വിജയന്‍ നുണ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് എങ്ങനെയെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
പത്തുവര്‍ഷം മുന്‍പ് ബിജെപി പയറ്റിയ അതേ അടവുതന്നെയാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കാന്‍ മാത്രമാണ് സിപിഎം സമയം കണ്ടെത്തുന്നത്. സത്യത്തില്‍ മോദിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പിണറായി വിജയന്‍ ഈ നിലപാട് സ്വീകരിക്കുന്നത്. രാഹുല്‍ഗാന്ധിയെ രാജ്യത്തുടനീളം മോശമായി ചിത്രീകരിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചാല്‍ ബിജെപിക്ക് സന്തോഷമാവും. 35 ദിവസമായി ബിജെപിക്കെതിരെ വിമര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി പിണറായി വിജയന്‍ എന്തേ ബിജെപിയെ വിമര്‍ശിക്കുന്നില്ലെന്ന് ചോദിച്ചതാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ കോവിഡ് കാലത്തെ 28000 പേരുടെ മരണമാണ് സര്‍ക്കാര്‍ മറച്ചുവെച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച നാടാണ് കേരളം. ഇതെല്ലാം മറച്ചുവെച്ച് പിആര്‍ ഏജന്‍സികളെ കൊണ്ട് പ്രചരണം നടത്തുകയായിരുന്നു കെ.കെ. ഷൈജല ടീച്ചര്‍. അശ്ലീല വീഡിയോ എന്നതിനെക്കുറിച്ച് പരാതി കൊടുത്തിട്ട് മൂന്നാഴ്ചയായി. ഇതുവരെയായും നടപടിയായിട്ടില്ല. പിപി കിറ്റിന്റെ കാര്യത്തില്‍ വന്‍ അഴിമതിയാണ് നടത്തിയത്. ഈ ആരോപണമാണ് യുഡിഎഫ് ഷൈലജ ടീച്ചര്‍ക്കെതിരെ ഉന്നയിച്ചതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. യുഡിഎഫിന് അനുകൂലായ തരംഗമാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫ് നേടും. സംസ്ഥാന-കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നിരിക്കുകയാണ്. മുസ്ലീംലീഗില്‍ യാതൊരുപ്രശ്‌നവും ഇല്ലെന്നും സംഘടനാരീതിയിലുള്ള ചര്‍ച്ചയിലൂടെ അതെല്ലാം പരിഹരിക്കുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും ഒപ്പമുണ്ടായിരുന്നു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.