വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ച കേസ് ; പ്രതി പാൽരാജ് റിമാൻഡിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ പ്രാദേശിക ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച പ്രതിയുടെ ബന്ധു പാൽ രാജിനെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. പീരുമേട് കോടതിയാണ് റിമാൻ്റ് ചെയ്തത്.
കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു പാൽരാജിന്റെ ആക്രമണമെന്നും എഫ്ഐആറിൽ പറയുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛൻ്റെ പരിക്ക് ഗൗരവമുള്ളതാണ്. അച്ഛന്റെ കാലിനും തലയ്ക്കും പരിക്കുണ്ട്. മുത്തച്ഛൻ്റെ കൈകൾക്കാണ് പരിക്കേറ്റത്. അച്ഛന്റെ വലതുകാലിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. മുത്തച്ഛൻ്റെ കൈകൾക്കാണ് പരിക്കേറ്റത്. പാൽ രാജിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുടുംബം പ്രതികരിച്ചിരുന്നു.