വാളയാറിൽ സംഭവിച്ചത് തന്നെ വണ്ടിപ്പെരിയാറിലും; ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ രക്ഷപ്പെടുത്താൻ കേസ് അട്ടിമറിച്ചു; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസ് ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാളയാറിലും ഇതുതന്നെയാണ് സംഭവിച്ചത്. അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സിപിഎം ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിച്ചത്. സിപിഎമ്മിന്റെ ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിക്കാൻ ഇടപെട്ടതെന്നും വി.ഡി.സതീശൻ പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ കുടുംബത്തെ സഹായിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
വണ്ടിപ്പെരിയാര്‍ കേസില്‍ പൊലീസ് ലാഘവത്തോടെയാണ് അന്വേഷണം നടത്തിയത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും ബാഹ്യമായ ഇടപെടലുകളും അന്വേഷിക്കണമെന്നും വാളയാര്‍ കേസില്‍ പാര്‍ട്ടിയുമായി ബന്ധമുള്ള പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ചത് പോലെ വണ്ടിപ്പെരിയാര്‍ കേസിലുണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.പോസ്റ്റ് മോര്‍ട്ടം പോലും വേണ്ടെന്ന് പറഞ്ഞയാളാണ് സ്ഥലം എം.എല്‍.എ.യെന്നും പൊലീസ് പരാജയപ്പെട്ട സാഹചര്യത്തില്‍ പുനരന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഇടുക്കി ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസും പറഞ്ഞു. പ്രാദേശിക വികാരവും വീട്ടുകാരുടെ നിര്‍ദേശവും ഉള്‍ക്കൊണ്ടാണ് പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന നിലപാടെടുത്തതെന്ന് വാഴൂര്‍ സോമൻ എം.എല്‍.എ.യും പ്രതികരിച്ചു