അശ്ലീല ഉള്ളടക്കം, യെസ്മ ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം. 19 വെബ്സൈറ്റുകൾക്കും 10 ആപ്പുകൾക്കും 57 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോണോഗ്രഫിക്ക് തുല്യമായ ഉള്ളടക്കമാണ് ഇവരില്‍ പലരും നല്‍കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പലതവണ മുന്നറിയിപ്പ് നല്കിയ ശേഷമാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു.
ഐടി നിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരമാണ് നടപടി. സർഗാവിഷ്കാരത്തിന്റെ മറവിൽ അശ്ലീലവും അസഭ്യവും അധിക്ഷേപപരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു ഈ ഒടിടി പ്ലാറ്റ്ഫോമുകളെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
യെസ്മ, ഡ്രീംസ് ഫിലിംസ്, വൂവി, അണ്‍കട്ട് അഡ്ഡ, ട്രൈ ഫ്ലിക്സ്, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്ലിക്സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കോഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നിരോധിച്ച ഒടിടി പ്ലാറ്റ്ഫോമുകള്.