സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവുമായി ചര്‍ച്ചക്ക് തയാറെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇതുപ്രകാരം കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടക്കും. വായ്പാപരിധി ഉയര്‍ത്തണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കേസ് പരിഗണിക്കുന്നതിനിടെ ഇന്ന് പ്രശ്‌നത്തില്‍ ചര്‍ച്ചക്ക് തയാറെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചര്‍ച്ചക്കായി പ്രതിനിധി സംഘത്തെ അയക്കാമെന്ന് കേരളവും അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച ആയിക്കൂടെയെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു സര്‍ക്കാറുകളും കോടതിയില്‍ നിലപാട് അറിയിച്ചത്.
കേരളത്തിന്റെ ധനകാര്യ സെക്രട്ടറിയും കേന്ദ്രധനകാര്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തട്ടെയെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ ചര്‍ച്ചക്ക് തയാറാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു. എന്നാല്‍, ഉച്ചക്ക് ശേഷം നിലപാട് അറിയിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറലിന്റെ നിലപാട്. ഉച്ചക്ക് ശേഷം ഹര്‍ജി പരിഗണിച്ചപ്പോള്‍ അറ്റോണി ജനറല്‍ വെങ്കിട്ടരമണി കോടതി നിര്‍ദേശത്തെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നുവെന്നും ചര്‍ച്ചക്ക് തയാറാണെന്നും അറിയിച്ചു. തുടര്‍ന്ന് സുപ്രീംകോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
ഡിസംബറിലാണ് കേന്ദ്രസര്‍ക്കാറിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേരളത്തിന്റെ സാമ്പത്തികവിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ചില ഭേദഗതികള്‍ മൂലം ബജറ്റിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കേരളം കോടതിയില്‍ വാദിച്ചു. കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചതാണ് നിലവിലുള്ള പ്രതിസന്ധിക്കുള്ള കാരണമെന്നും 26,000 കോടി രൂപ കേരളത്തിന് അടിയന്തരമായി വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നു.