മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണോ? ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് വി ഡി സതീശന്‍
പാലക്കാട്: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ കേസാണ്. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണോ? രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമ്പോള്‍ വിമര്‍ശനം സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ഓഫീസുകളില്‍ കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു. ദൈവത്തെ വിമര്‍ശിക്കുന്നവരുടെ നാട്ടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ എന്താണ് കുഴപ്പമെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
''സര്‍ക്കാരിനെ വിമര്‍ശിച്ചെന്നു പറഞ്ഞ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിരന്തരം കേസെടുക്കുകയാണ്. എന്നെയൊക്കെ യാതൊരു മര്യാദയുമില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കാറുണ്ട്. ആരെങ്കിലും അയച്ചുതരുമ്പോ വായിച്ചു നോക്കും. പരാതിയൊന്നും പറയാന്‍ പോകാറില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമ്പോള്‍ വിമര്‍ശനം സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ഓഫീസുകളില്‍ കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ഒക്കെയാണ്.
ഇതെന്താ സ്റ്റാലിന്റെ റഷ്യയാണോ? സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലേ? സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ കേസാണ്. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണോ? ദൈവത്തെ പോലും വിമര്‍ശിക്കുന്നവരുടെ നാട്ടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ എന്താ കുഴപ്പം? ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണം. ഇത്തരത്തില്‍ കേസെടുക്കരുതെന്ന് സുപ്രീംകോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിട്ടുണ്ട്'' -വി.ഡി. സതീശന്‍ പറഞ്ഞു.
പി.പി. ദിവ്യയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരും പൊലീസും നടത്തുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു. വ്യാജ പരാതി ഉണ്ടാക്കിയത് എ.കെ.ജി സെന്ററിലാണ്. ഒപ്പു വ്യാജമാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. കലക്ടര്‍ പൊലീസിന് കൊടുത്തത് കള്ള മൊഴിയാണ്. അത് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം നല്‍കിയ മൊഴിയാണ്. കലക്ടര്‍ യോഗത്തില്‍നിന്ന് ദിവ്യയെ വിലക്കണമായിരുന്നു. പ്രതിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി കലക്ടറെ ഉപയോഗിക്കുന്നു. എന്ത് നീതിയാണ് ഇവിടെ നടക്കുന്നത്? പാര്‍ട്ടിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും വെവ്വേറെ നീതിയാണ്. പൊലീസും ജനങ്ങളും പരിഹാസ്യരായെന്നും സതീശന്‍ പറഞ്ഞു.
പാലക്കാട് സി.പി.എം -ബി.ജെ.പി ബാന്ധവമാണെന്ന ആരോപണം വി.ഡി. സതീശന്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ രണ്ട് അപരന്മാരാണുള്ളത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഹുല്‍മാരുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മാത്രം അപരനെ മതിയെന്നാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. ബി.ജെ.പിക്കെതിരെ സി.പി.എമ്മോ, സി.പി.എമ്മിനെതിരെ ബി.ജെ.പിയോ അപരനെ നിര്‍ത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.