‘മുഖ്യമന്ത്രിയുടെ തലയ്ക്ക് വെളിവില്ല'; സിപിഎമ്മിനെ കടന്നാക്രമിച്ച് പി വി അൻവർ
സിപിഎമ്മിനെ കടന്നാക്രമിച്ച് പി വി അൻവർ എംഎൽഎ. ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അത് വേണമോ എന്ന് സിപിഎം ആലോചിക്കണം. പൊതു സമ്മേളനത്തിലേക്ക് വരണമെന്ന് ഫോണിൽ പോലും ഒരാളോട് പറഞ്ഞിട്ടില്ല. പൊതുസമ്മേളനം വിപ്ലവത്തിൻ്റെ ഭാഗമായെന്നും പി വി അൻവർ പറഞ്ഞു. തനിക്കെതിരെ നിരവധി കള്ളക്കേസുകൾ വരും. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ താൻ ഉണ്ടാകില്ലെന്നും സ്വർണക്കടത്തിൽ മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ സംസാരിക്കുകയാണെന്നും പി വി അൻവർ പറഞ്ഞു. തന്റെ മെക്കിട്ട് കേറിയാല്‍ തിരിച്ചും പറയും. സിപിഐഎം നേതൃത്വം തന്നെക്കൊണ്ട് പറയിപ്പിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് പറഞ്ഞിട്ടില്ല. ജനം രാഷ്ട്രീയ പാര്‍ട്ടിയായാല്‍ താന്‍ മുന്നില്‍ നില്‍ക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
'വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിലെ യുവാക്കൾ പുറത്തേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞ് യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ യുവാക്കളില്‍ എല്ലാവര്‍ക്കും വിദേശത്ത് പോയി പഠിക്കാന്‍ കഴിയില്ല. പോകുന്ന കുട്ടികള്‍ പോലും വീട് പണയം വെച്ചാണ് പോകുന്നത്. വിദേശികളെ സ്വീകരിക്കുന്നതില്‍ കാനഡയും മടിച്ചുനില്‍ക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം മോശമാണെന്ന് യുവാക്കള്‍ കരുതുന്നു. രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ വലിയ ഗതികേടിലേക്ക് പോകും. യുവാക്കള്‍ തന്നെ കേള്‍ക്കണം. സ്റ്റാര്‍ട്ട് അപ്പുകള്‍ ഇരട്ടിപ്പിക്കണം', മാത്രമല്ല തന്റെ നെഞ്ചത്തേക്ക് കയറാതെ സര്‍ക്കാര്‍ യുവാക്കളുടെ കാര്യം ശ്രദ്ധിക്കണമെന്നും എന്നും അൻവർ കൂട്ടിച്ചേർത്തു.