പിഎഫിൽ ലയിപ്പിച്ച ക്ഷാമബത്തയിൽ നിന്നും വായ്പ എടുക്കുന്നത് തടഞ്ഞ നടപടി, സർക്കാർ പിൻവലിക്കണം; ചവറ ജയകുമാർ
തിരുവനന്തപുരം: ആറു വർഷം മുമ്പ് പിഎഫിൽ ലയിപ്പിച്ച ക്ഷാമബത്തയിൽ നിന്നും ലോണെടുക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ടുളള രഹസ്യ കത്ത് പിൻവലിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പബ്ലിക് ഓഫീസ് കോമ്പൗണ്ടിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019 ജനുവരി മാസം പിഎഫിൽ ലയിപ്പിച്ച 3% ഡിഎ ജൂലൈ മാസം ലയിപ്പിച്ച 5% ഡിഎ 2020 ജനുവരിയിൽ ലയിപ്പിച്ച 4% ജൂലൈയിൽ ലയിപ്പിച്ച 4% ശതമാനം എന്നിങ്ങനെ നാല് ഗഡു ഡിഎയാണ് പിൻവലിക്കാനുള്ള കാലാവധിയായപ്പോൾ അക്കൗണ്ടൻറ് ജനറലിന് കത്ത് നൽകി സർക്കാർ തടഞ്ഞുവച്ചത്. 2023 ഏപ്രിൽ 1, സെപ്റ്റംബർ 1, 2024 ഏപ്രിൽ 1, സെപ്റ്റംബർ 1 എന്നിങ്ങനെ നാല് ഗഡുക്കളായി ഈ തുക പിൻവലിക്കാം എന്നായിരുന്നു ആദ്യ ഉത്തരവ് .എന്നാൽ ആദ്യ മൂന്നു ഗഡുക്കളും പിൻവലിക്കേണ്ട തീയതിയായപ്പോൾ അക്കൗണ്ടൻറ് ജനറൽ വഴി തടയുകയായിരുന്നു. ഇപ്പോൾ നാലാമത്തെ ഗഡു പിൻവലിക്കേണ്ട തീയതിയായപ്പോൾ അതിൻറെ തലേദിവസം തടഞ്ഞുകൊണ്ട് കത്ത് നൽകി ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു. നിലവിലെ ഡിഎയിൽ 22% കുടിശ്ശികയാക്കിയ സർക്കാർ മുമ്പ് ലയിപ്പിച്ച ഡിഎ പോലും കവർന്നെടുക്കുന്ന സാഹചര്യമാണ്. ജീവനക്കാരുടെ അവകാശങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഭരണകർത്താക്കൾ സമൂഹത്തിന് ബാധ്യതയാണ്. ഒരു ജനായത്ത ഭരണകൂടം അതിൻറെ പൗരന്മാർക്ക് നൽകിയ വാക്ക് പാലിക്കാൻ ബാധ്യസ്ഥരാണ്.
ജീവനക്കാർ ജോലി എടുത്തതിന്റെ ശമ്പളവും ക്ഷാമബത്തയുമാണ് വെറുമൊരു കത്ത് നൽകി കവർന്നെടുത്തത്.
ഡിഎ നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ പിൻവാതിൽ വഴി കത്ത് നൽകി അക്കൗണ്ട് ജനറലിനെ സ്വാധീനിച്ച് പി എഫ് വായ്പകൾ തടയുകയായിരുന്നു. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ഈ സർക്കാർ പാടെ പരാജയപ്പെട്ടിരിക്കുന്നു എന്നതിൻറെ പരസ്യമായ പ്രഖ്യാപനം ആയി ഈ നടപടിയെ കാണണം. എട്ടര വർഷത്തോളം അധികാരത്തിൽ ഇരുന്നിട്ടും റവന്യൂ വരുമാനം ശരിയായ രീതിയിൽ വിനിയോഗിക്കാൻ കഴിയാതെ ജീവനക്കാരുടെ അക്കൗണ്ടിലുള്ള തുക പോലും നിഷേധിക്കുന്നത് അത്യന്തം അപലപനീയമാണ്. തടഞ്ഞുവച്ച ഡിഎ കുടിശ്ശിക പി എഫിൽ നിന്നും പിൻവലിക്കാൻ ഉടൻ അനുവാദം നൽകണം. ജീവനക്കാരുടെ അക്കൗണ്ടിലുള്ള പണം കവരാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.
സത്യാഗ്രഹ സമരത്തിന് സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ആർ എസ് പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു. മുബീഷ്, സി ഷാജി, കമ്മിറ്റി കല്ലമ്പലം സനൂസി, അഖിൽ എസ്. പി , എൻ.വി വിപ്രേഷ് കുമാർ, ഷൈജു, മരുതൂർ ബിജോയ് ശശികല ,ബിനു കുമാർ, ശ്രീ ഗണേഷ് , ഹസീന , ,ബാലു പവിത്രൻ, രതീഷ് രാജൻ, ആദർശ്, ബിജികുമാർ തുടങ്ങിയവർ സംസാരിച്ചു.