എം.എം.ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കണമെന്ന് കോടതി
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആശയുടെ ആവശ്യം. സെപ്റ്റംബര്‍ 21ന് അന്തരിച്ച എം.എം.ലോറന്‍സിന്റെ മൃതദേഹം നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് ആശ കോടതിയെ സമീപിച്ചത്. മകന്‍ എം.എല്‍.സജീവനും മറ്റൊരു മകളായ സുജാതയും മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കാന്‍ തീരുമാനിച്ചതിന് എതിരെ ആയിരുന്നു ഇത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളജിനോട് ഹിയറിങ് നടത്തി തീരുമാനം അറിയിക്കാന്‍ ജസ്റ്റിസ് വി.ജി.അരുണ്‍ നിര്‍ദേശിച്ചു. മൂന്നു മക്കളെയും കേട്ട കോടതി മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കാമെന്ന വിധിയാണു പുറപ്പെടുവിച്ചത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഹിയറിങ് നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി ആശ വീണ്ടും കോടതിയെ സമീപിച്ചു. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പു ശരിയായ ഹിയറിങ് നടത്തണമെന്നും ആശ ആവശ്യപ്പെട്ടു. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു വിട്ടുനല്‍കാന്‍ നേരത്തേ രേഖാമൂലം സമ്മതം നല്‍കിയിരുന്ന മറ്റൊരു മകളായ സുജാത കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നിലപാടു മാറ്റിയിരുന്നു. കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നല്‍കിയതെന്നാണ് സുജാത കോടതിയെ അറിയിച്ചത്.
മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കാന്‍ തന്നെ പിതാവ് അറിയിച്ചിരുന്നു എന്ന് സജീവന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് രണ്ടു പേര്‍ സാക്ഷികളുമായിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഹിയറിങ് നടത്താനായി കമ്മിറ്റി രൂപീകരിച്ചതിനെ ആശ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതു സുതാര്യതയ്ക്ക് വേണ്ടിയാണെന്നാണ് സജീവന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. മൂന്നു മക്കളുടെയും വാദം കേട്ട കോടതി കേസില്‍ ഇന്ന് ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തിറങ്ങിയാല്‍ മാത്രമേ വിശദാംശങ്ങള്‍ അറിവാകുകയുള്ളൂ