'ഇതാണ് ആ ക്രൂരനായ പൊലീസുകാരൻ';കെ.എസ്.യു വനിതാ നേതാവ് പരാതി നൽകി
'തിരുവനന്തപുരം: തൃശ്ശൂർ കേരള വർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കുടപിടിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിൽ ലാത്തികൊണ്ടടിച്ച് കെ.എസ്.യു വനിതാ നേതാവിന്റെ മൂക്ക് തകർത്ത സംഭവത്തിൽ കെ.എസ്.യു പരാതി നൽകി. കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ ഗുരുതരമായി പരുക്ക് പറ്റിയ കെഎസ്‌യു സംസ്ഥാന നിർവാഹക സമിതി അംഗമായ നസിയ മുണ്ടപ്പള്ളിയാണ് തന്നെ ഗുരുതരമായി പരിക്കേൽപ്പിച്ച പോലീസുകാർക്ക് എതിരെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നൽകിയത്. ഇതുകൂടാതെ സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്. ആക്രമിച്ച പൊലീസുകാരന്റെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടെ ആണ് പരാതി നൽകിയിരിക്കുന്നത്. വനിതാ പൊലീസിന്റെ അസാന്നിധ്യത്തിലും സാന്നിധ്യത്തിലും സമരത്തിലെത്തുന്ന വനിതകൾക്കെതിരെ പുരുഷ പൊലീസിൽ നിന്നും നേരിടേണ്ടിവരുന്ന അസഭ്യവർഷവും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.