ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 293 ആയി
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 293 ആയി. 200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികളാണ്. 100 പേരെയാണ് തിരിച്ചറിഞ്ഞത്. 234 പേരെ ആശുപത്രിയിലെത്തിച്ചു. 142 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം. അതേസമയം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
കെട്ടിടാവശിഷ്ട്‌ടങ്ങൾക്കിടയിൽ പരിശോധന ഊർജിതമാക്കി. കോൺക്രീറ്റ് പാളികൾ പൊളിച്ച് ഇവിടങ്ങളിൽ ആരെങ്കിലും കുടുങ്ങികിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഹിറ്റാച്ചികൾ എത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി തീർത്ത് പ്രദേശത്ത് മഴ ശക്തമായി. താൽകാലിക പാലത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ആളുകളെ കടത്തിവിടുന്നത് നിർത്തുകയും ചെയ്തു. സൈന്യം നിർമ്മിക്കുന്ന ബെയ്ലി പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൻ്റെ നിർമ്മാണം ഇന്ന് തന്നെ പൂർത്തിയാകും.