വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയത് സർക്കാരിന് ധൂർത്തടിക്കുവാൻ; കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ
കോട്ടയം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും സർക്കാരിന്റെ അനാവശ്യ ധൂർത്തും അഴിമതിയും നടത്താനാണ് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. നിരക്ക് വർധിപ്പിച്ചത് അംഗീകരിക്കാനാവില്ല. കേരളത്തിലെ ഡാമുകളിൽ ഉൾപ്പെടെ ആവശ്യത്തിന് വെള്ളം ലഭ്യമാണെന്നിരിക്കെ ഇപ്പോൾ ജനത്തെ ഷോക്കടിപ്പിച്ചതിന്റെ കാരണം ജനങ്ങളോട് അടിയന്തരമായി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമസ്ത മേഖലയിലും വിലക്കയറ്റം ജനങ്ങളുടെ നടുവൊടിക്കുമ്പോൾ വൈദ്യുതി നിരക്ക് വർധന ജനങ്ങൾക്ക് അക്ഷരാർത്ഥത്തിൽ ഷോക്കാണ്. ഇത് ജനങ്ങളുടെ സർവ്വതോന്മുഖമായ ജീവിതച്ചെലവിൽ ഭാരിച്ച വർധനവിന് വഴിയൊരുക്കും. ശമ്പളവും പെൻഷനും കിട്ടാത്ത കെഎസ്ആർടിസി ജീവനക്കാർ തുച്ഛമായ ക്ഷേമപെൻഷനെ ആശ്രയിക്കുന്ന 60 ലക്ഷം പാവപ്പെട്ടവർ, വിറ്റ നെല്ലിന്റെ പണത്തിന് വേണ്ടി യാചിക്കുന്ന കർഷകർ, മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ലക്ഷോപലക്ഷം പേർ, ലൈഫ് മിഷനിൽ നിന്നും പണം കിട്ടാതെ വീടുപണി മുടങ്ങിക്കിടക്കുന്നവർ തുടങ്ങിയവർ ഉൾപ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങൾക്കും താങ്ങാനാവാത്തതാണ് ഈ നിരക്കെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരവരുമാനം ഇല്ലാത്ത സാധാരണക്കാർ
നിത്യ ചെലവിന് പോലും പണം
തികയാത്ത കാലഘട്ടത്തിൽ സർക്കാർ
നികുതിയും വെള്ളം, ബസ്, വൈദ്യുതി ചാർജുകളും കുറച്ച് ആശ്വാസം നൽകുന്നതിന്
പകരം അവരെയെല്ലാം വീണ്ടും കറവപ്പശുവിനെപോലെ പിഴിഞ്ഞെടുക്കുന്നത്
നിർഭാഗ്യകരമാണ്. സർക്കാരിന്റെ കോടികൾ
പൊടിച്ചുള്ള കേരളപ്പിറവി ദിനാഘോഷത്തിന്റെ
ആരവം ഒടുങ്ങും മുമ്പെ ജനങ്ങളുടെ
കഴുത്തിന് പിടിച്ച് നികുതി പിരിക്കാൻ
പിണറായി സർക്കാരിനല്ലാതെ മറ്റാർക്കും
സാധിക്കില്ലെന്നും കെ. സുധാകരൻ പരിഹസിച്ചു.
യൂണിറ്റിന് 20 പൈസയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. പ്രതിമാസം 50 യൂണിറ്റിന് വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾ പ്രതിമാസം യൂണിറ്റിന് 3.25 രൂപയും അതിന് മുകളിൽ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 4.05 രൂപയും നൽകണം. സ്കൂളുകൾ, കോളേജുകൾ,ആശുപത്രികൾ എന്നിവയ്ക്കും 2.5 ശതമാനം താരിഫ് വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ കടം കയറി മുച്ചൂടും മുടിഞ്ഞ് ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കോളം എത്തിയ കർഷകന്റെ കൃഷിക്കുള്ള വൈദ്യുതി നിരക്കിലും യൂണിറിന് ശരാശരി 20 പൈസയുടെ വർധനവ് വരുത്തി.
ഇതിന് പുറമെ ഫിക്സഡ് ചാർജ് നിരക്ക് എന്ന പേരിലും വലിയ പിടിച്ചുപറിയാണ് സർക്കാരും വൈദ്യുതി ബോർഡും നടത്തുന്നത്. പെട്ടിക്കടക്കാരനെപ്പോലും സർക്കാർ ഫിക്സഡ് ചാർജിന്റെ പേരിൽ കൊള്ളയടിച്ചു. ഈ തീവെട്ടിക്കൊള്ളക്കെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തും. നവംബർ 3-ന് ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാതലങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തുന്നതോടൊപ്പം നവംബർ 6-ന് നിയോജക മണ്ഡലം തലത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുമെന്നും കെ. സുധാകരൻ എംപി പറഞ്ഞു.