തെരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാന മണിക്കൂറിൽ, കൊട്ടിക്കലാശം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം ആരംഭിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകള്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ വൻ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എങ്ങും തെരഞ്ഞെടുപ്പ് ആവേശമാണ്. ഇന്ന് വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം സമാപിക്കുക. 40 നാൾ നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടർന്ന് പോലീസ് ഇടപെട്ടെങ്കിലും പോലീസ് ഏകപക്ഷീയമായി പെരുമാറുന്നതായി യുഡിഎഫ് പ്രവർത്തകർ ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തി ഇതേതുടർന്ന് പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഉന്തംതള്ളും ഉണ്ടായി. ചെങ്ങന്നൂരിലും പോലീസിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് പോലീസുമായി സംഘർഷമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് തൃശ്ശൂർ, കാസർകോട് ജില്ലകളിൽ വൈകിട്ട് ആറു മുതൽ നിരോധനാജ്ഞ ഏർപ്പെടുത്തി.