അഗ്‌നിരക്ഷാസേനയ്ക്ക് ദീപാവലി ദിനത്തില്‍ ലഭിച്ചത് 318 ഫോണ്‍ കോളുകള്‍
ന്യൂഡല്‍ഹി: തീപിടിത്തവുമായി ബന്ധപ്പെട്ട 318 കോളുകളാണ് ഡല്‍ഹിയിലെ അഗ്‌നിരക്ഷാസേനക്ക് ദീപാവലി ദിനത്തില്‍ ലഭിച്ചത്. 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദീപാവലിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ തീപിടുത്തവും അടിയന്തര സംഭവങ്ങളും ഈ കണക്ക് അടയാളപ്പെടുത്തുന്നുവെന്ന് ഡി.എഫ്.എസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. നഗരത്തിലുടനീളം എല്ലാ അഗ്‌നിശമന യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും വിന്യസിച്ചുകൊണ്ട് ഏതു സാഹചര്യവും നേരിടാന്‍ ഞങ്ങള്‍ പൂര്‍ണമായും തയ്യാറായിരുന്നു. എല്ലാ ലീവുകളും റദ്ദാക്കി എല്ലാവരെയും സഹായിക്കാന്‍ ഞങ്ങള്‍ ഒരുങ്ങി -ഗാര്‍ഗ് പറഞ്ഞു.
തീപിടിത്തവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 78 കോളുകളെങ്കിലും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 31ന് വൈകുന്നേരം 5നും നവംബര്‍ 1ന് പുലര്‍ച്ചെ 5നും ഇടയിലാണ് ഏറ്റവും കൂടുതല്‍ കോളുകള്‍ ലഭിച്ചത്. പടക്കങ്ങളുടെ വ്യാപകമായ ഉപയോഗമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. രാത്രി മുഴുവനും തുടര്‍ച്ചയായി പടക്കം പൊട്ടിച്ചത് ഡല്‍ഹിയെ നിബിഡമായ പുകയില്‍ മൂടി. കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുകയും കാഴ്ചക്ക് മങ്ങലേല്‍പിക്കുകയും ചെയ്തു.
മലിനീകരണത്തിലെ കുതിച്ചുചാട്ടത്തെ ചെറുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പടക്കങ്ങള്‍ക്ക് സമഗ്രമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അവയുടെ നിര്‍മാണം, സംഭരണം, വില്‍പ്പന, ഉപയോഗം എന്നിവ നിരോധിച്ചു. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 377 എന്‍ഫോഴ്സ്മെന്റ് ടീമുകളെ അണിനിരത്തി. റസിഡന്റ് അസോസിയേഷനുകള്‍, മാര്‍ക്കറ്റ് കമ്മറ്റികള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാല്‍ ഭാരതീയ ന്യായ സന്‍ഹിതയുടെ വകുപ്പുകള്‍ പ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. എന്നിട്ടും ജനങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെന്നാണ് അഗ്‌നിരക്ഷാസേനക്ക് ലഭിച്ച കോളുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.