കേരളീയത്തിന്റെ കണക്കുകള്‍ സഭയില്‍ അവതരിപ്പിക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കണക്കുകള്‍ നിയമസഭയിലും പുറത്ത് വിടാതെ സര്‍ക്കാര്‍. എംഎല്‍എമാരുടെ ചോദ്യത്തിന് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള കേരള സദസില്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ ഓടിയതിന്റെ ചെലവ് സംബന്ധിച്ചും കൃത്യമായ കണക്കുകളില്ല.
എല്ലാം സ്‌പോണ്‍സര്‍ഷിപ്പിലെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം. പക്ഷെ പരിപാടി കഴിഞ്ഞ് മാസം മൂന്നായിട്ടും സ്‌പോണ്‍സര്‍ഷിപ്പിന്റെ കണക്കുകള്‍ മാത്രമില്ല. മുമ്പ് പല തവണ വിവരാവകാശ നിയമ പ്രകാരം സ്‌പോണ്‍സര്‍ഷിപ്പ് കണക്കുകള്‍ ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ മറുപടി നല്‍കിയിരുന്നില്ല. ഏറ്റവും ഒടുവില്‍ എംഎല്‍എ പിസി വിഷണുപനാഥിന്റെയും അന്‍വര്‍ സാദത്തിന്റെയും നിയമസഭയിലെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് പരിപാടിക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് മുഴുവനായും ലഭ്യാമിയിട്ടില്ലെന്നാണ്. പബ്ലിക് റിലേഷന്‍ വകുപ്പ് ചെലവഴിച്ച കണക്കുകള്‍ മാത്രമാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. പരിപാടി കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ മുഴുവന്‍ കണക്കും ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ഇത് മറന്ന മട്ടാണ്.
കേരളീയത്തില്‍ മാത്രമല്ല നവകേരള സദസിന്റെ ചെലവുകളിലും അവ്യക്തയുണ്ട്. നവകേരള സദസ് സമയത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ ഇന്ധന ചാര്‍ജും മെയിന്റനന്‍സും ലോഗ് ബുക്കും ആവശ്യപ്പെട്ട് ടി സിദ്ധിക്കിന്റെ ചോദ്യത്തിനാണ് ഒന്നിന്റെയും വിശദ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.