ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണം; രഞ്ചു കെ മാത്യു
തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാർ അധികാരത്തിലേറി എട്ട് വർഷം കഴിയുമ്പോഴും സർക്കാർ ജീവനക്കാരുടെ തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുകയും കവർന്നെടുക്കുകയും തടഞ്ഞ് വയ്ക്കുകയും ചെയ്ത് മുന്നോട്ട് പോകുകയാണെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ചു.കെ മാത്യൂ. കേരള എൻജിഒ അസോസിയേഷൻ പാറശ്ശാല ബ്രാഞ്ച് 49ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാർക്ക് ലഭ്യമാകേണ്ട ആറ് ഗഡു ഡിഎ നൽകാതെയും 11-ാം ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കാതെയും കഴിഞ്ഞ 5 വർഷമായി ലീവ് സറണ്ടർ നൽകാതെയും, വികലമായ ജീവനന്ദം പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ജീവനക്കാരുടെ അവകാശങ്ങൾ നിരന്തരമായി ഇടതു പക്ഷ സർക്കാർ കവർന്നെടുക്കുമ്പോൾ ഭരണാനുകൂല സംഘടനകൾ സർക്കാരിന് ഉണർത്ത് പാട്ട് പാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024 ജൂലൈ 1 മുതൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്ക്കരണകമ്മിഷനെ പോലും നിയമിക്കാത്ത സർക്കാരിനെതിരെ ശബ്ദിക്കുവാൻ തയ്യാറാവാത്തവർ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ശമ്പള പരിഷ്കരണം അട്ടിമറിക്കുന്നു എന്ന് പറഞ്ഞ് പിരിവെടുത്ത് സമരം ചെയ്തവരാണ്. തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ എത്രയും വേഗം അനുവദിക്കാത്ത പക്ഷം ജീവനക്കാരുടെ സംഘടിത ശക്തി സർക്കാർ തിരിച്ചറിയും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് സജു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എസ് പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.എസ് രാഘേഷ്,സെക്രട്ടറി ജോർജ് ആൻ്റണി , ട്രഷറർ ഷൈജി ഷൈൻ, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എസ്.എസ് സജി, സനിൽകുമാർ ,ഓഡിറ്റർ സുനിൽ ജി.എസ്,ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ് വി ബിജു, ഷൈൻകുമാർ ബി. എൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഷിജിത്ത് ശ്രീധർ, ജയസിംഗ്, എസ്. ഷാജി, അനൂജ് രാമചന്ദ്രൻ, ശ്രീകാന്ത് ആർ.കെ, ക്രിസ്തു കുമാർ,മനുലാൽ, സുരേഷ്കുമാർ,
സെക്രട്ടറി ശ്രീജിനു, ട്രഷറർ അനിൽകുമാർ എന്നിവർ സംസാരിച്ചു.