വേട്ടക്കാരന് സുരക്ഷയൊരുക്കാൻ സർക്കാർ ശ്രമിക്കുന്നു; ചലച്ചിത്ര അക്കാദമി സ്ഥാനം രഞ്ജിത്ത് രാജി വെയ്ക്കണം: രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സജി ചെറിയാൻ പറയുന്നത് രഞ്ജിത് ഇന്ത്യ കണ്ട അതുല്യപ്രതിഭയാണ് മഹാനായ സംവിധായകനാണെന്നാണ്. ഇത്തരത്തിലൊരു പരാമർശം നടത്താൻ സജി ചെറിയനോട് ചോദിച്ചത് ദാദ സാഹിബ് ഫാൽക്കെ അവാർഡിന് രഞ്ജിത്തിനെ പരിഗണിച്ചതിന്റെ പ്രതികരണമല്ല. രഞ്ജിത്തിനെതിരെ സഹപ്രവർത്തകയായിരുന്ന നടി ലൈംഗീകാതിക്രമണം എന്ന ഗുരുതരമായ ആരോപണം ഉന്നയിക്കുമ്പോൾ രഞ്ജിത് ഇന്ത്യ കണ്ട മഹാനായ സംവിധായകനാണോ എന്നതിന് എന്താണ് പ്രസക്തി. സാംസ്കാരിക വകുപ്പ് മന്ത്രി എന്നതിനേക്കാൾ സാംസ്കാരിക ബാധ്യതയായി സജി ചെറിയാൻ മാറി എന്നുള്ളതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി.
സർക്കാരും മന്ത്രിമാരും പവർ ഗ്രൂപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് കൈകൊള്ളുന്നതെന്ന് വ്യക്തമാണ്. എന്നാൽ സജി ചെറിയാൻ ഒരു പടി കൂടെ കടന്ന് ആരോപണ വിധേയരായ ആളുകളെ മേക്കപ്പ് ചെയ്ത് സംരക്ഷിക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ പണി കൂടെ ചെയ്യുകയാണെന്നും രാഹുൽ പറഞ്ഞു. പരാതി കിട്ടിയാൽ മാത്രമേ അന്വേഷിക്കാൻ കഴിയൂ എന്ന് പറയാൻ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ പരാതിയില്ലാതെ കേസെടുക്കാവുന്നതാണെന്ന് കെ.എൻ ബാലഗോപാൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും വേട്ടക്കാരന്റെ സുരക്ഷ ഉറപ്പാക്കാൻ നിയമത്തിന്റെ തലനാരിഴ കീറിമുറിച്ച് പരിശോധിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിൽ കാണാൻ സാധിക്കുന്നത്.
പേര് പുറത്ത് വന്നാൽ അന്വേഷണം നടത്തം എന്ന നിലപാട് തുടക്കത്തിലേ സർക്കാർ സ്വീകരിച്ചിരുന്നു, എന്നാൽ സിപിഎം നേതാക്കളുടെ പേരുകൾ ഗണേഷ്‌കുമാർ, രഞ്ജിത് ഉൾപ്പെടെയുള്ള ആളുകളുടെ പേരുകൾ പുറത്ത് വന്ന സാഹചര്യത്തിൽ പരാതി ലഭിക്കട്ടെയെന്നാണ് പറയുന്നത്. പരാതി നൽകിയാൽ അടുത്ത എന്തെങ്കിലും ന്യായവാദങ്ങളുമായി വരുമെന്നും രാഹുൽ പരിഹസിച്ചു. പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദന്റെ മകനാണ് രഞ്ജിത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ. രഞ്ജിത്തിന്റെ പണി പോയാൽ ഗോവിന്ദന്റെ മകന്റെ പണി പോകും. രഞ്ജിത്തിന്റെ നിലനിൽപ്പ് സംരക്ഷിക്കേണ്ടത് പാർട്ടിയിലെ ആളുകളുടെ ആവശ്യമാണ് എന്നാൽ യൂത്ത് കോൺഗ്രസ് പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.