ടിപി വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി നാളെ
കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. നിരപരാധികളെന്നും ശിക്ഷ ഇളവ് നൽകണമെന്നും പ്രതികൾ വാദിച്ചു. വധശിക്ഷ ഒഴിവാക്കാൻ എന്തെങ്കിലും കാരണമുണ്ടോയെന്ന് ഒന്നാം പ്രതി എംസി അനൂപിനോട് കോടതി ചോദിച്ചു. നാളെ രാവിലെ പ്രതികളെ കോടതിയിൽ വീണ്ടും നേരിട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിരപരാധികളെന്നും ശിക്ഷ ഇളവ് നൽകണമെന്നുമാണ് പ്രതികൾ കോടതിയിൽ വാദിച്ചത്. കുറ്റം ചെയ്‌തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും വധശിക്ഷ നൽകരുതെന്നും ഒന്നാം പ്രതി എം സി അനൂപ് ആവശ്യപ്പെട്ടു. 80 വയസായ അമ്മ മാത്രമേയുള്ളൂ, ശിക്ഷയിൽ ഇളവ് നൽകണമെന്ന് കിർമ്മാണി മനോജും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനിയും കോടതിയിൽ പറഞ്ഞു. രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നും വാദം അറിയിക്കാൻ സമയം നൽകണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
രേഖകളുടെ പകർപ്പ് പ്രതികൾക്കും പ്രോസിക്യൂഷനും നൽകും.ഹൈക്കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്ന് എറണാകുളം സബ് ജയിലിലാണ് പാർപ്പിക്കുന്നത്. കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12-ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്. ഇയാളെ ഓൺലൈനായാണ് ഹാജരാക്കിയത്. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ഡോ. കൗസർ എടപ്പഗത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്. ആറാം പ്രതി ഒഴികെയുള്ളവർക്ക് വധഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഒന്നു മുതൽ അഞ്ച് വരെയും ഏഴും പ്രതികളുടെ ശിക്ഷവിധി ഉയർത്തുന്നത്. പിന്നാലെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ 10.15 നു തന്നെ പ്രതികൾ കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.