കെ. ബാബുവിൻ്റെ തിരഞ്ഞെടുപ്പ് ശരിവെച്ച ഹൈക്കോടതി വിധി, ജനാധിപത്യത്തിൻ്റെ വിജയമെന്ന്; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ. ബാബുവിൻ്റെ തിരഞ്ഞെടുപ്പ് ശരിവെച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിൻ്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കെ. ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതൽക്കെ എൽഡിഎഫും സിപിഎമ്മും ശ്രമിച്ചത്. അപഹസിക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.
ഏതുവിധേനയും കെ. ബാബുവിനെ അയോഗ്യനാക്കാൻ സിപിഎം എല്ലാ അടവുകളും പയറ്റി. ആരോപണങ്ങൾ തെളിയിക്കാൻ ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത കോടതിയെ ബോധ്യപ്പെടുത്താൻ പോലും ഹർജിക്കാർക്കായില്ല. വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം പോലും നിലനിൽക്കുന്നുണ്ട്. ജനകീയ കോടതിയുടെ വിധി ഹൈക്കോടതിയും ശരിവച്ചത്ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കെ. ബാബുവിനേയും യുഡിഎഫിനെയും ബോധപൂർവം അപഹസിക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു