ബീഹാറില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയില്‍
പട്‌ന: ബിഹാറിലെ മുസഫര്‍പൂരില്‍ കോടികള്‍ മുടക്കി നിര്‍മിച്ച ആശുപത്രി കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയില്‍. കള്ളന്‍മാരുടേയും സാമൂഹിക വിരുദ്ധരുടേയും താവളമാണ് ഈ ആശുപത്രി കെട്ടിടം. 30 കിടക്കകളുള്ള ആശുപ്രതി ചാന്ദ്പുരയില്‍ ആറ് ഏക്കറിലാണ് നിര്‍മിച്ചിരിക്കുന്നത്.2015ല്‍ ആധുനിക സൗകര്യങ്ങളോടെ അഞ്ച് കോടി മുടക്കിയാണ് നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഇതുവരെ ആശുപത്രിയില്‍ ഒരാളേയും ചികിത്സിച്ചിട്ടില്ല. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളെല്ലാം നശിച്ച് കഴിഞ്ഞു.
നിര്‍മാണ പൂര്‍ത്തിയായി 10 വര്‍ഷം കഴിഞ്ഞിട്ടും ആശുപത്രി ബിഹാര്‍ ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടില്ല. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ആശുപത്രിയെ കുറിച്ച് അറിവ് പോലുമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
ആശുപത്രിയുടെ ജനലുകള്‍, വാതിലുകളുടെ ഫ്രെയിമുകള്‍, ഡോര്‍ ഗ്രില്‍, ഗേറ്റുകള്‍, കബോര്‍ഡ്‌സ്, ഇലക്ട്രിക്കല്‍ വയറുകള്‍ എന്നിവയെല്ലാം മോഷ്ടിക്കപ്പെട്ടു.മൂന്ന് കെട്ടിടങ്ങളാണ് ആശുപത്രി കോംപ്ലെക്‌സിന്റെ ഭാഗമായി ഉള്ളത്. ഒന്ന് ജീവനക്കാര്‍ക്ക് വേണ്ടിയുള്ള താമസസ്ഥലങ്ങളാണ്, രണ്ടാമത്തേത് രോഗപരിശോധനക്ക് വേണ്ടിയുള്ള ലാബാണ്, മൂന്നാമത്തേത് പ്രധാന കെട്ടിടവുമാണ്.
ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഗ്രാമത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. മേഖലയില്‍ ആശുപത്രിയില്ലാത്തതിനാല്‍ കിലോ മീറ്ററുകള്‍ സഞ്ചരിച്ച് അടുത്തുള്ള നഗരത്തിലേക്കാണ് ഗ്രാമീണര്‍ ചികിത്സക്കായി പോകുന്നത്. പാലം തകരുന്നതിനിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ബിഹാറില്‍ നിന്ന് തന്നെ ആശുപത്രി ഉപേക്ഷിച്ചതിന്റെ റിപ്പോര്‍ട്ടുകളും വരുന്നത്.