വീട് പൂട്ടി മകൾ പുറത്തുപോയി; വയോധികയ്ക്ക് രക്ഷയായത് ഉമ തോമസ് എംഎൽഎയുടെ ഇടപെടൽ
കൊച്ചി: വീട്ടിൽ നിന്നും മകൾ പുറത്താക്കിയ വയോധികയ്ക്ക് രക്ഷയായത് ഉമ തോമസ് എംഎൽഎയുടെ ഇടപെടൽ. തൈക്കൂടം എ.കെ.ജി. റോഡിൽ കരേപ്പറമ്പിൽ സരോജിനിക്കാണ് (78) ദുരവസ്ഥയുണ്ടായത്. സരോജിനിയെ വീട്ടിൽ പ്രവേശിപ്പിക്കാനുള്ള ആർ.ഡി.ഒ.യുടെ ഉത്തരവുണ്ടായിട്ടും നടപ്പാക്കാതെ പോലീസ് പിൻവാങ്ങിയെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. നേരത്തേ ഉമ തോമസ് എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രാത്രി ഒൻപതുമണിയോടെ ഗേറ്റിന്റെ താഴുതകർത്ത് അമ്മയെ വീടിന്റെ വരാന്തയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രാത്രി പതിനൊന്നേകാലോടെ നാട്ടുകാരുടെ പിന്തുണയോടെ വാതിൽ കുത്തിത്തുറന്ന് സരോജിനി അകത്ത് പ്രവേശിക്കുകയായിരുന്നു.
മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനുള്ള ഫോർട്ട്കൊച്ചി മെയിന്റനൻസ് ട്രിബ്യൂണലിൽ വീട്ടിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സരോജിനി പരാതി നൽകിയിരുന്നു. വീട് തുറന്ന് സരോജിനിയെ സ്വന്തം വീട്ടിൽ താമസിപ്പിക്കുന്നതിന് മരട് പോലീസിന് ട്രിബ്യൂണൽ ഉത്തരവ് നൽകിയിരുന്നു.
ഈ ഉത്തരവുമായാണ് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സരോജിനി വീട്ടിലെത്തിയത്. വീട് അടച്ചിട്ടിരിക്കുന്നതു കണ്ട് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ശനിയാഴ്ച തുറന്നുതരാം എന്നുപറഞ്ഞ് ഉത്തരവ് നടപ്പാക്കാതെ മടങ്ങിപ്പോവുകയായിരുന്നുവെന്ന് സരോജിനി പറയുന്നു.