അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ന്യൂഡല്‍ഹി: അമിതജോലിഭാരം കാരണം യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ട് മാസം മുന്‍പാണ് അന്ന കുഴഞ്ഞുവീണു മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. എറണാകുളം കങ്ങരപ്പടി പേരയില്‍ സിബി ജോസഫിന്റെയും അനിത അഗസ്റ്റിന്റെയും മകളാണ് ഉന്നതനിലയില്‍ പരീക്ഷകള്‍ ജയിച്ച അന്ന. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പാസായതോടെ നാലുമാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ആദ്യ ജോലിയുടെ ആവേശവുമായി മാര്‍ച്ച് 19ന് പൂനെയിലെ ഇ.വൈ ഓഫീസിലെത്തി. ജൂലായ് 20ന് അവിടെ ഹോസ്റ്റലിലായിരുന്നു അന്ത്യം.
അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ എണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയുടെ ചെയര്‍മാനെഴുതിയ ഹൃദയഭേദകമായ കത്ത് ദേശീയ മാദ്ധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. ഇതോടെയാണ് യുവതിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. മകളുടെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ചെയര്‍മാന് കത്തെഴുതിയതെന്നാണ് അന്നയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉറങ്ങാന്‍പോലും സമയം കിട്ടാത്ത ജോലി. അനാരോഗ്യകരമായ തൊഴില്‍മത്സരം. അതാണ് അന്നയെ തളര്‍ത്തിയതെന്നും സംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്നും കുടുംബം പറഞ്ഞിരുന്നു.