പാലത്തില്‍ നിന്ന് കാർ താഴേയ്ക്ക് പതിച്ച് യുവാക്കള്‍ മരിച്ച സംഭവം; അന്വേഷണം ഗൂഗിള്‍ മാപ്പിനെതിരെയും
ന്യൂഡൽഹി : നിർമ്മാണത്തിലിരുന്ന പാലത്തില്‍ നിന്ന് കാർ താഴേയ്ക്ക് പതിച്ച് മൂന്ന് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഗൂഗിള്‍ മാപ്പിനെതിരെയും അന്വേഷണം.ഗൂഗിള്‍ മാപ്പില്‍ വഴി നോക്കിയായിരുന്നു യുവാക്കള്‍ യാത്ര ചെയ്തതെന്ന് കുടുംബം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഗൂഗിള്‍ മാപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.
രണ്ട് ദിവസം മുൻപാണ് ഉത്തർപ്രദേശിലെ ബറേലി ജില്ലയില്‍ രാംഗംഗ നദിയ്ക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തില്‍ നിന്ന് കാർ താഴേക്ക് വീണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശല്‍ എന്നിവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിവാഹച്ചടങ്ങിന് പോകുന്നതിനിടെയാണ് അപകടം നടന്നത്. പാലത്തിന്റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല.50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. ഫരീദ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്. ഫറൂഖാബാദില്‍ നിന്നുള്ള മൂന്ന് യുവാക്കള്‍ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാദഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് കാറില്‍ പോകുകയായിരുന്നു. പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കില്‍ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച രാവിലെയാണ് നാട്ടുകാർ അറിഞ്ഞത്.