കിടപ്പുരോഗിയായ പിതാവിനെ മകൻ ഉപേക്ഷിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊച്ചി: കിടപ്പു രോഗിയായ പിതാവിനെ മകൻ വാടകവീട്ടിലാക്കി ഉപേക്ഷിച്ച് പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. പിതാവ് ഷൺമുഖനെ മകൻ അജിത്താണ് ഉപേക്ഷിച്ചത്. കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളയുകയായിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ വലഞ്ഞു. അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മകൻ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. അതേസമയം ഷണ്‍മുഖന് മതിയായ ചികിത്സയും പരിചരണവും ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ചികിത്സയ്ക്കായി അദ്ദേഹത്തെ തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ സംരക്ഷണം ഉറപ്പാക്കും.