നിയമ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ മുതിര്‍ന്ന പൊലീസ് ഓഫിസറുടെ മകളായ നിയമ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയായ 19കാരി അനിക രസ്‌തോഗിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി മുറിയുടെ തറയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ അനികയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അനിക മരിച്ചതെന്ന് രാം മനോഹര്‍ ലോഹ്യ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു.
മഹാരാഷ്ട്ര കേഡറിലെ 1998 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് റസ്തോഗിയുടെ മകളാണ് മൂന്നാം വര്‍ഷ ബി.എ എല്‍.എല്‍.ബി വിദ്യാര്‍ഥിനിയായ അനിക. സഞ്ജയ് റസ്തോഗി നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സിയില്‍ ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുന്നു.
ഹൃദയാഘാതം മൂലം ഇന്നലെ രാത്രി അന്തരിച്ച മൂന്നാം വര്‍ഷ ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്) വിദ്യാര്‍ത്ഥിനിയായ അനിക റസ്‌തോഗിയുടെ വിയോഗം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. അവളുടെ ആകസ്മിക വിയോഗത്തില്‍ ആര്‍.എം.എല്‍ കുടുംബം മുഴുവനും ദുഃഖിക്കുന്നു. ഈ വേളയില്‍ അനിക രസ്‌തോഗിയുടെ കുടുംബത്തോടൊപ്പം സര്‍വകലാശാല നിലകൊള്ളുന്നു. ഞങ്ങളുടെ അനുശോചനവും പ്രാര്‍ത്ഥനയും അവളുടെ കുടുംബത്തോടൊപ്പമുണ്ട് -റാം മനോഹര്‍ ലോഹ്യ ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.
അനികയുടെ ശരീരത്തില്‍ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും വസ്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ ഒന്നുമില്ലെന്നും പോലീസ് പറഞ്ഞു. ഹോസ്റ്റല്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.