For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നിയമപോരാട്ടം തുടരും; പി.പി. ദിവ്യക്ക് ജാമ്യം കിട്ടില്ലെന്നാണ് പ്രതീക്ഷിച്ചതെന്ന് നവീന്റെ ഭാര്യ മഞ്ജുഷ

11:51 AM Nov 08, 2024 IST | Online Desk
നിയമപോരാട്ടം തുടരും  പി പി  ദിവ്യക്ക് ജാമ്യം കിട്ടില്ലെന്നാണ് പ്രതീക്ഷിച്ചതെന്ന് നവീന്റെ ഭാര്യ മഞ്ജുഷ
Advertisement

പത്തനംതിട്ട: എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം കിട്ടില്ല എന്നാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്റെ ഭാര്യ മഞ്ജുഷ. കൂടുതല്‍ കാര്യങ്ങള്‍ അഭിഭാഷകനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിവ്യക്ക് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഈ മാസം അഞ്ചിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ആണ് വിധി പറഞ്ഞത്.

Advertisement

ഒക്ടോബര്‍ 29നാണ് ആത്മഹത്യ പ്രേരണകേസില്‍ പി.പി. ദിവ്യയെ റിമാന്‍ഡ് ചെയ്തത്. അന്നുമുതല്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ വനിത ജയിലിലാണ് ദിവ്യ. ഒക്ടോബര്‍ 14നാണ് എ.ഡി.എമ്മിന്റെ മരണത്തിന് കാരണമായ യാത്രയയപ്പ് യോഗം നടന്നത്. യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ ദിവ്യ എ.ഡി.എമ്മിനെതിരെ അഴിമതി ആരോപിച്ചു പരസ്യമായി അധിക്ഷേപിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 15ന് രാവിലെ എ.ഡി.എം ജീവനൊടുക്കി. അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് കേസ്. ജാമ്യം ഇന്ന് പരിഗണിക്കാനിരിക്കെ, ഇന്നലെ ദിവ്യയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചിരുന്നു. രാത്രിയോടെ തരംതാഴ്ത്തല്‍ നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരവും നല്‍കി.

കെ. നവീന്‍ബാബു കൈക്കൂലി കൈപ്പറ്റിയെന്ന് ആവര്‍ത്തിക്കുകയാണ് ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ദിവ്യ ചെയ്തത്. പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി. പ്രശാന്തും നവീന്‍ബാബുവും ഫോണില്‍ സംസാരിച്ചെന്നും ഇരുവരും കണ്ടുമുട്ടിയതിന് സി.സി.ടി.വി ദ്യശ്യങ്ങള്‍ ഉണ്ടെന്നുമാണ് വാദത്തില്‍ അഭിഭാഷകന്‍ കെ. വിശ്വന്‍ ചൂണ്ടിക്കാട്ടിയത്. രണ്ട് മണിക്കൂര്‍ നീണ്ട വാദങ്ങളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോസിക്യൂഷനും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ എസ്. റാല്‍ഫും തമ്മില്‍ നടന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.