Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹൃദയം നുറുങ്ങുന്ന വേദനയില്‍ നാട്: തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു

10:50 AM Jun 14, 2024 IST | Online Desk
Advertisement

നെടുമ്പാശ്ശേരി: കുവൈറ്റില്‍ തീപിടിത്ത ദുരന്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു. രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചത്.

Advertisement

കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്‌നാട്ടിലെ ഏഴു പേരുടെയും കര്‍ണാടകയിലെ ഒരാളുടെയും ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഏറ്റുവാങ്ങി. അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങള്‍ ജില്ല ഭരണകൂടങ്ങള്‍ ഏറ്റുവാങ്ങും.

വിമാനത്താവളത്തില്‍ അധിക നേരം പൊതുദര്‍ശനം ഉണ്ടായിരിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കും. കുടുംബാംഗങ്ങള്‍ക്കും കാണാന്‍ സൗകര്യമൊരുക്കും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക ആംബുലന്‍സുകള്‍ എത്തിച്ചിട്ടുണ്ട്.

മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ അഞ്ചു മണിയോടെയാണ് കുവൈത്തില്‍ നിന്നും പുറപ്പെട്ടത്. 23 മലയാളികളുടെ കൂടാതെ തമിഴ്നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാര്‍ 1, പഞ്ചാബ് 1, കര്‍ണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാള്‍ 1, ജാര്‍ഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്.

അപകടത്തില്‍ മരിച്ച 49 പേരില്‍ 46 പേരും ഇന്ത്യക്കാരാണ്. കൊച്ചിയിലെത്തിയ വ്യോമസേന വിമാനം മലയാളികളുടെ മൃതദേഹങ്ങള്‍ കൈമാറിയ ശേഷം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് അനുഗമിക്കുന്നുണ്ട്.

23 മലയാളികളടക്കം 49 പേരാണ് മരിച്ചത്. ഏഴ് മലയാളികള്‍ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കേരളത്തില്‍ നിന്നുള്ള 30 പേര്‍ക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്കെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഐ.സി.യുവില്‍ കഴിയുന്ന ഏഴു പേരില്‍ നാലു പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി.

ബുധനാഴ്ച പുലര്‍ച്ച നാലു മണിക്കാണ് കുവൈത്തിലെ മന്‍ഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിച്ചത്. പ്രവാസി മലയാളി വ്യവസായി കെ.ജി. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്.

കെട്ടിടത്തില്‍ 196 പേരായിരുന്നു താമസിച്ചിരുന്നത്. കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണങ്ങളും. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചിലര്‍ താഴേക്ക് ചാടുകയും ചെയ്തു. തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത് മരണസംഖ്യ ഉയരാന്‍ കാരണമായി.

കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കിഴക്കേടത്ത് പ്രദീപ്-ദീപ ദമ്പതികളുടെ മകന്‍ പി. ശ്രീഹരി (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ പരേതരായ ബാബു വര്‍ഗീസിന്റെയും കുഞ്ഞേലിയമ്മയുടെയും മകന്‍ ഷിബു വര്‍ഗീസ് (38), പത്തനംതിട്ട തിരുവല്ല പെരിങ്ങര പഞ്ചായത്തില്‍ മേപ്രാല്‍ മരോട്ടിമൂട്ടില്‍ ചിറയില്‍ വീട്ടില്‍ ഉമ്മന്‍-റാണി ദമ്പതികളുടെ മകന്‍ ജോബി എന്ന തോമസ് സി. ഉമ്മന്‍ (37), മല്ലപ്പള്ളി കീഴ്വായ്പൂര് തേവരോട്ട് എബ്രഹാം മാത്യു-പരേതയായ ആലീസ് ദമ്പതികളുടെ മകന്‍ സിബിന്‍ ടി. എബ്രഹാം (31), തിരുവല്ല പ്ലാംചുവട്ടില്‍ കുടുംബാംഗവും ആലപ്പുഴ ചെങ്ങന്നൂര്‍ പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മനക്കണ്ടത്തില്‍ ഗീവര്‍ഗീസ് തോമസിന്റെ മകനുമായ മാത്യു തോമസ് (53), തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ കുര്യാത്തി ലക്ഷം വീട് കോളനിയില്‍ അരുണ്‍ ബാബു (37), മലപ്പുറം പുലാമന്തോള്‍ തിരുത്തില്‍ താമസിക്കുന്ന മരക്കാടത്ത് പറമ്പില്‍ വേലായുധന്റെ മകന്‍ ബാഹുലേയന്‍ (36), തിരൂര്‍ കൂട്ടായി കോതപ്പറമ്പ് സ്വദേശി കുപ്പന്റെ പുരക്കല്‍ നൂഹ് (42), തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂരില്‍ താമസിക്കുന്ന തിരുവല്ല തോപ്പില്‍ തോമസ് ബാബുവിന്റെ മകന്‍ ബിനോയ് തോമസ് (44), കണ്ണൂര്‍ ധര്‍മടം കോര്‍ണേഷന്‍ ബേസിക് യു.പി സ്‌കൂളിന് സമീപം വാഴയില്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകന്‍ വിശ്വാസ് കൃഷ്ണന്‍ (34), പെരിങ്ങോം വയക്കര കൂത്തൂര്‍ ലക്ഷ്മണന്റെ മകന്‍ കൂത്തൂര്‍ നിതിന്‍ (27), കണ്ണൂര്‍ സിറ്റി കുറുവ തറ സ്റ്റോപ്പിന് സമീപം ഉന്നന്‍കണ്ടി ഹൗസില്‍ അനീഷ്‌കുമാര്‍ (56), കൊല്ലം അഞ്ചാലുംമൂട് മതിലില്‍ കന്നിമൂലയില്‍ വീട്ടില്‍ സുന്ദരന്‍ പിള്ളയുടെ മകന്‍ സുമേഷ് എസ്. പിള്ള (40), വര്‍ക്കല ഇടവ പാറയില്‍ കാട്ടുവിള വീട്ടില്‍ തങ്കപ്പന്‍ നായരുടെ മകന്‍ ശ്രീജേഷ് (32) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Advertisement
Next Article