For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എൻസിസി ക്യാമ്പില്‍ അതിക്രമിച്ച്‌ കയറി സംഘർഷമുണ്ടാക്കി; എസ്.എഫ്.ഐ വനിതാ നേതാവ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

05:13 PM Dec 24, 2024 IST | Online Desk
എൻസിസി ക്യാമ്പില്‍ അതിക്രമിച്ച്‌ കയറി സംഘർഷമുണ്ടാക്കി  എസ് എഫ് ഐ വനിതാ നേതാവ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
Advertisement

കൊച്ചി: തൃക്കാക്കര കെഎംഎം കോളേജില്‍ നടന്ന എൻസിസി ക്യാമ്പില്‍ അതിക്രമിച്ച്‌ കയറി സംഘർഷമുണ്ടാക്കിയതിന് വനിതാ നേതാവ് ഉൾപ്പെടെ 10 പേർക്കെതിരെ പോലീസ് കേസെടുത്തു. എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. എസ്.എഫ്.ഐ പ്രവർത്തകനായ ആദർശ്, ബി.ജെ.പി കളമശ്ശേരി നഗരസഭാ കൗണ്‍സിലർ പ്രമോദ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാല്‍ തിരിച്ചറിയാവുന്ന ഏഴ് പേർക്കുമെതിരേയാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്.
എൻസിസി ക്യാമ്പിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്കെത്തിയത്. തിങ്കളാഴ്ച്ച രാത്രിയോടെയാണ് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്ബില്‍ എഴുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. ഇതിന് പിന്നാലെ കുട്ടികളുടെ രക്ഷിതാക്കളടക്കം കോളേജിലേക്കെത്തുകയും വാക്കു തർക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ ഒരു സംഘം കോളേജില്‍ അതിക്രമിച്ച്‌ കയറിയെന്നും ഭാഗ്യലക്ഷ്മി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വിദ്യാർഥിനികള്‍ ആരോപിച്ചിരുന്നു. ഇതോടെ വിദ്യാർഥികളും എസ്‌എഫ്‌ഐ നേതാക്കളും തമ്മില്‍ വാക്കുതർക്കവുമുണ്ടായി. ക്യാമ്പിലേക്ക് അതിക്രമിച്ചു കയറിയ ഭാഗ്യലക്ഷ്മി 'നിങ്ങളിവിടെ അധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ' എന്നും 'ആരെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ' എന്നും ചോദിച്ചുവെന്ന് വിദ്യാർഥിനികള്‍ ആരോപിച്ചു. തങ്ങളുടെ അധ്യാപകരെ കുറിച്ച്‌ മോശമായി സംസാരിക്കാൻ നിങ്ങള്‍ ആരാണെന്നും വിദ്യാർഥിനികള്‍ ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരാമർശവും നടത്തിയിട്ടില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

Advertisement

കോളേജ് വളപ്പിലെ കിണറ്റിലെ വെള്ളമാണ് വിദ്യാർഥികള്‍ ഉപയോഗിച്ചിരുന്നത്. കളമശ്ശേരിയിലും തൃക്കാക്കരയിലും മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നതിനാല്‍ ഈ വെള്ളമാണോ പ്രശ്നമുണ്ടാക്കിയത് എന്ന സംശയവുമുണ്ടായിരുന്നു. തുടർന്ന് ക്യാമ്ബിലെത്തിയ രക്ഷിതാക്കള്‍ ഗേറ്റ് തള്ളിത്തുറന്ന് കോളേജിലേക്ക് ഇടിച്ചുകയറി.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എൻസിസി വ്യക്തമാക്കി. ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും സാമ്ബിളുകള്‍ ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഈ മാസം 29 വരെ തുടരേണ്ടിയിരുന്ന ക്യാമ്ബ് പിരിച്ചുവിട്ടു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Tags :
Author Image

Online Desk

View all posts

Advertisement

.