നവകേരള സദസിന് പിരിവ് നൽകിയില്ല; വ്യാജ പരാതിയിൽ കടയടപ്പിച്ചു; ആത്മഹത്യാ ഭീഷണിയുമായി കടയുടമയും ഭാര്യയും
തൃശ്ശൂർ: നവകേരള സദസിന് പിരിവ് നൽകാത്തതിന്റെ പേരിൽ വ്യാജ പരാതി നൽകി കടയടപ്പിച്ചെന്ന് ഉടമയുടെ ആരോപണം. തൃശൂർ കുറ്റൂരിലെ കോഴിക്കടയാണ് അധികൃതർ അടപ്പിച്ചത്. ഗത്യന്തരമില്ലാതായതോടെ ഉടമ മണികണ്ഠനും ഭാര്യ ഷീബയും ആരോഗ്യ കേന്ദ്രത്തിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. നവകേരള സദസിന് തന്നോട് 10000 രൂപ പിരിവ് ആവശ്യപ്പെട്ടിരുന്നെന്നും നൽകാത്തതോടെ തനിക്കെതിരെ വ്യാജ പരാതി നൽകിയതാണെന്നുമാണ് മണികണ്ഠൻ പറയുന്നത്. പതിനൊന്ന് മാസം മുമ്പ് ആരംഭിച്ച സ്ഥാപനത്തിന് ലൈസൻസിനായി കോലഴി പഞ്ചായത്തിൽ അപേക്ഷിച്ചത് നാലു തവണ. കാരണം പോലും പറയാതെ എല്ലാം അവഗണിച്ചു. പലകാരണങ്ങൾ പറഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പിഴയിട്ടത് 25000ത്തിനു മുകളിൽ. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കടയടക്കാൻ ആവശ്യപ്പെട്ട് എഴുത്ത് വന്നത്. ഗത്യന്തരമില്ലാതായതോടെ മണികണ്ഠനും ഭാര്യയും കഴിഞ്ഞ ദിവസം പെട്രോളുമായി ആരോഗ്യ കേന്ദ്രത്തിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് അന്ന് തന്നെ പരിശോധനയ്ക്ക് എത്താമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചിരുന്നെങ്കിലും നാളിതുവരെയായി എത്തിയില്ലെന്നാണ് മണികണ്ഠൻ പറയുന്നത്. പിരിവ് നൽകിയില്ലെങ്കിലുള്ള ഭീഷണി മുമ്പും ഉണ്ടായിരുന്നുന്നെന്നും ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും മണികണ്ഠൻ പറയുന്നുണ്ട്. പഞ്ചായത്തിലെ മറ്റു കടകൾക്ക് നേരേ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും തനിക്കെതിരെ മാത്രമാണ് ശത്രുത മനോഭാവം എന്നും മണികണ്ഠൻ പറയുന്നു. എന്നാൽ പരാതി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ആരോഗ്യവിഭാഗം നിയമാനുസൃത നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.