വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; പ്രതികള്‍ക്ക് വധശിക്ഷ
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ആണ് പ്രതികളെ ശിക്ഷിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്.
കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, കൂടെ താമസിച്ച അല്‍ അമീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ കുറ്റക്കാരാണെന്ന് മെയ് 16-ന് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ പ്രതികള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണം കവര്‍ന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവര്‍ന്ന സ്വര്‍ണവുമായി നാടുവിടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
മൃതദേഹം മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ സ്ഥലം വിട്ടു. രാത്രിയില്‍ വീട്ടുടമസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെ അന്ന് രാത്രി തന്നെ പോലീസ് പിടികൂടി. ഇതിന് ശേഷമാണ് 2020-ല്‍ 14കാരിയെ കൊലപ്പെടുത്തിയതും ഇതേ സംഘമാണെന്ന് തെളിഞ്ഞത്. ഈ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്.