പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അമിത ജോലി ഭാരമെന്ന് നിയമസഭയില്‍ പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അമിത ജോലി ഭാരമെന്ന് നിയമസഭയില്‍ പ്രതിപക്ഷം. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നു. അഞ്ച് വര്‍ഷത്തിനിടെ 88 പൊലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ജീവനൊടുക്കിയ ഒരു പൊലീസുകാരന്റെ ആത്മഹത്യ കുറിപ്പും വിഷ്ണുനാഥ് സഭയില്‍ വായിച്ചു.
പൊലീസുകാരുടെ ജോലി ഭാരം കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. നാട്ടുകാരുടെ പരാതി കേള്‍ക്കുന്ന പൊലീസുകാരുടെ പരാതി കേള്‍ക്കാനുള്ള സംവിധാനം ഉണ്ടാകണം. പൊലീസിലെ രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കണം.നിയമസഭ സമ്മേളിച്ച ശേഷം ആറു ദിവസത്തിനിടെ അഞ്ച് പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് പൊലീസുകാരില്ലെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.പൊലീസുകാരുടെ എട്ടു മണിക്കൂര്‍ ഡ്യൂട്ടി പെട്ടെന്ന് നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. കൂടുതല്‍ സ്റ്റേഷനിലേക്ക് എട്ടു മണിക്കൂര്‍ ഡ്യൂട്ടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോലി സമ്മര്‍ദം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കില്ല. പൊലീസുകാരുടെ സമ്മര്‍ദം ഒഴിവാക്കാന്‍ യോഗ ഉള്‍പ്പെടുള്ളവ നടപ്പാക്കിയിട്ടുണ്ട്. പൊലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടി ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരള പൊലീസിന്റെ വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയത്. സി.പി.എം ആണ് പൊലീസ് സേനയെ നിയന്ത്രിക്കുന്നത്. ജില്ല പൊലീസ് മേധാവിമാരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ ഏരിയ കമ്മിറ്റികളും നിയന്ത്രിക്കുന്നു. ബാഹ്യ ഇടപെടല്‍ ഇല്ലാതെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ സാധിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചു. വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.