ഭാസുരാംഗനെ കൈവിട്ട് പാർട്ടിയും; കണ്ടല ബാങ്ക് തട്ടിപ്പിൽ കുരുക്കു മുറുക്കിയതോടെ സിപിഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: കണ്ടല ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഭാസുരാംഗനെ കൈവിട്ട് സിപിഐ. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഭാസുരാംഗനെ പാര്‍ട്ടി പുറത്താക്കി. ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കളുടെ നിര്‍ദേശം അനുസരിച്ചാണ് ജില്ലാകമ്മറ്റി തീരുമാനം എടുത്തിരിക്കുന്നത്. ഇനി സംരക്ഷിച്ചാല്‍ നാണക്കേടാകുമെന്ന് തിരിച്ചറിഞ്ഞാണ് നടപടിയെന്നാണ് സൂചന.
കണ്ടല സഹകരണ ബാങ്കില്‍ 100 കോടിയുടെ തിരിമറി നേരത്തേ സഹകരണ രജിസ്റ്റാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇ.ഡി.യും ബാങ്കിലും ഭാസുരാംഗന്റെയൂം സെക്രട്ടറി, ക്ലാര്‍ക്കുമാര്‍, കളക്ഷന്‍ ഏജന്റ് എന്നിവരുടെയെല്ലാം വീടുകളില്‍ റെയ്ഡ് നടത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭാസുരാംഗന്‍ അറസ്റ്റിനെ മുഖാമുഖം കാണുന്നു എന്ന ഘട്ടത്തിലാണ് പാര്‍ട്ടി നടപടി.
അതേസമയം പാര്‍ട്ടി നടത്തുന്നത് മുഖം രക്ഷിക്കാന്‍ എടുക്കുന്ന തിടുക്കപ്പെട്ട നടപടി എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇഡി അന്വേഷണം കൂടുതല്‍ ഗുരുതരമായ നിലയിലേക്ക് നീങ്ങും എന്ന് ഉറപ്പായതോടെയാണ് പാര്‍ട്ടി നടപടി എടുത്തത് എന്നാണ് ആക്ഷേപം. ആറു മാസം മുമ്പാണ് കണ്ടല ബാങ്കിലെ ക്രമക്കേട് പുറത്തുവന്നത്. നിക്ഷേപകള്‍ ഭാസുരാംഗന്റെ വീടുകളില്‍ വരെ എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു.
ഈ സമയത്തൊന്നും പാര്‍ട്ടി ഒരു നടപടിയും എടുത്തിരുന്നില്ല. സിപിഐ യുടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഫണ്ട് റെയ്‌സറാണ് ഭാസുരാംഗന്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ എടുക്കുന്ന നടപടി തിരിച്ചടിയാകുമെന്നതായിരുന്നു ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ഇ.ഡി.യുടെ അറസ്റ്റ് പോലും ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് കൈ കഴുകല്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം.
ഇന്ന് ചേര്‍ന്ന സിപിഐ ജില്ലാക്കമ്മറ്റി ഭാസുരാംഗന്‍ വിഷയം മാത്രമാണ് ചര്‍ച്ചയ്ക്ക് എടുത്തത്. അഞ്ചു മിനിറ്റു കൊണ്ടു യോഗം ചേര്‍ന്നു തീരുമാനം എടുത്തു പിരിഞ്ഞു. നേരത്തേ കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ ഇ ഡി എത്തിയപ്പോള്‍ കേന്ദ്രം സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണമാണ് സിപിഎം നടത്തിയത്. എന്നാല്‍ ഇത്തവണ ഇഡിയെ തള്ളാതെയാണ് സിപിഐ ഭാസുരാംഗനെതിരേ നടപടിയെടുത്തത്. അറസ്റ്റുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ട്ടി നേരത്തേ തന്നെ കൈകഴുകുകയായിരുന്നു.