കേന്ദ്രസംസ്ഥാന ഏജന്‍സികളുടെ പരാജയം: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടിയുടെ ബന്ധം സുവ്യക്തമെന്ന്; എംഎം ഹസന്‍
തിരുവനന്തപുരംഃ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കൊരു ബന്ധവുമില്ലെന്ന് മീഡിയയോട് പൊട്ടിത്തറിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിലേക്ക് രക്തസാക്ഷിമണ്ഡപത്തിലേക്കെന്ന പോലെ എംഎല്‍എയും പാര്‍ട്ടി നേതാക്കളും അണികളും പോകുന്നതു കാണുന്നില്ലേയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ബോംബ് നിര്‍മാണത്തില്‍ പാര്‍ട്ടിയുടെ ബന്ധം സുവ്യക്തമാണ്. അധികം വൈകാതെ ഇവര്‍ക്കായി രക്തസാക്ഷി മണ്ഡപവും പാര്‍ട്ടി ഓഫീസില്‍ ഫോട്ടോ പ്രതിഷ്ഠിക്കലും ഉണ്ടാകും. കുടുംബാഗംങ്ങള്‍ക്ക് ജോലിയും സാമ്പത്തിക സഹയാവും ഉടനേ എത്തും. ഇതൊക്ക സിപിഎമ്മിന്റെ നിത്യാഭ്യാസങ്ങളാണെന്ന് ഹസന്‍ പറഞ്ഞു.
കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികളുടെ ദയനീയമായ പരാജയമാണ് പാനൂരിൽ കാണുന്നത്. ബോംബ് നിര്‍മാണം ഭീകരപ്രവര്‍ത്തനമായതിനാല്‍ കേന്ദ്രഎജന്‍സികള്‍ ഇതു സംബന്ധിച്ച് രാജ്യവ്യാപമായി നിരീക്ഷണം നടത്താറുണ്ട്. അതു സംസ്ഥാന ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ഇന്റലിജന്‍സിന്റെ അതീവ ഗുരുതര വീഴ്ചയാണെന്ന് ഹസന്‍ പറഞ്ഞു.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റം കണ്ട അമ്പരന്നാണ് സിപിഎം ബോംബുകള്‍ തയാറാക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികള്‍. ബോംബുകള്‍ ആര്‍ക്കുവേണ്ടി നിര്‍മിച്ചുവെന്നും ആരു പറഞ്ഞിട്ടാണ് നിര്‍മിച്ചതെന്നുമാണ് പോലീസ് അന്വേഷണത്തില്‍ പുറത്തുവരേണ്ടത്. തിരുവനന്തപുരത്തുവരെ കഴിഞ്ഞ ദിവസം നിര്‍മാണത്തിനിടെ ബോംബ് പൊട്ടി 4 പേര്‍ക്ക് പരിക്കേറ്റു.
കണ്ണൂരില്‍ 1984 മുതല്‍ 2018 വരെ നടന്ന 125 രാഷ്ട്രീയകൊലപാതകങ്ങളില്‍ 78ലും സിപിഎം പ്രതിസ്ഥാനത്താണെന്നാണ് കണ്ണൂര്‍ ജില്ലാ പോലീസ് ഓഫീസില്‍നിന്നു ലഭിച്ച വിവരാവകാശരേഖ. കോണ്‍ഗ്രസ് ഒരു കേസില്‍ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ സിപിഎം- ബിജെപി രഹസ്യചര്‍ച്ചയെ തുടര്‍ന്ന് തത്ക്കാലം ഇരുകൂട്ടരും കത്തി ഉറയിലിട്ടെങ്കിലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേയുള്ള ആക്രമങ്ങളില്‍ ഒരു ശമനവും ഉണ്ടായില്ലെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.