സിപിഎമ്മിന്റെ അധികാര ധാർഷ്‌ഠ്യത്തിനെതിരെ ചേലക്കരയിലെ ജനങ്ങൾ വിധിയെഴുതും; കെ സുധാകരൻ എംപി
ചേലക്കര: എൽഡിഎഫിൽ നിന്ന് ചേലക്കര നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എം.പി. സിപിഎമ്മിന്റെ അധികാര ധാർഷ്‌ഠ്യത്തിനെതിരെ ജനങ്ങൾ നൽകുന്ന വിധിയെഴുത്താവുമിത്. പ്രിയങ്കാ ഗാന്ധി മത്സരിക്കുന്ന വയനാടും സംഘപരിവാറിനെ നേർക്ക് നേർ നേരിടുന്ന പാലക്കാടും ഉജ്ജ്വലമായി നിലനിർത്തുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജീവിതത്തിൽ സമസ്‌തവും
നഷ്‌ടപ്പെട്ട വയനാട് ദുരിതബാധിതരുടെ പുനരധിവാസം സാധ്യമാക്കുന്ന വയനാട് പാക്കേജ് നടപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ സാധിക്കാത്തത് പ്രതിഫലിക്കും. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വിലക്കയറ്റം, സിപിഎമ്മിന്റെ സംഘപരിവാർ ബന്ധം, തൃശ്ശൂർപൂരം കലക്കൽ, അഴിമതി, ധൂർത്ത് എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ ജനം ചർച്ച ചെയ്യും. കോടികൾ കമ്മീഷൻ പറ്റാനും അഴിമതി നടത്താനുമാണ് ജനം തള്ളിയ കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. സിപിഎം - ബിജെപി അന്തർധാരയുടെ ഭാഗമാണ് കെ. റെയലിന് ഇത്രയും നാൾ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ ഇപ്പോൾ നിലപാട് മാറ്റുന്നത്.
ജനങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമായ കെ.റെയിൽ പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. കൊടകര കുഴൽപ്പണക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ്. ഇടതുഭരണത്തിൽ കേരളം കടന്ന് പോകുന്നത് അപകടകരമായ അവസ്ഥയിലൂടെയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും എല്ലാത്തരം ക്രിമിനലുകളായ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമം പെരുകി. തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിൻ്റെ ഭരണത്തിന്റെ പൂർണ്ണമായ വിലയിരുത്താലാകുമെന്ന് കെ.സുധാകരൻ പറഞ്ഞു.