പട്ടിണിയിലും പട്ടിന്റെ കൗപീനം പുരപ്പുറത്തിട്ടു പിണറായി സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടംതിരിയുന്നതിനിടെ കോടികൾ പൊടിച്ച് കേരളീയം നടത്തി മുഖം മിനുക്കാൻ സംസ്ഥാന സർക്കാർ. സർക്കാർ ഉദ്യോഗസ്ഥർക്കും കെഎസ്ആർടിസി ജീവനക്കാർക്കും ക്ഷേമപെൻഷൻകാർക്കും ഉൾപ്പെടെ അമ്പതിനായിരം കോടിയുടെ ബാധ്യതയാണ് സർക്കാരിനുള്ളത്. വിലക്കയറ്റം മൂലം പൊറുതിമുട്ടിയ ജനം സർക്കാരിനെതിരെ തിരിഞ്ഞതും ശക്തമായ ഭരണവിരുദ്ധവികാരവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ സ്പോൺസേർഡ് മുഖം മിനുക്കലിന് എൽഡിഎഫ് രംഗത്ത് വന്നിരിക്കുന്നത്.
സ്കൂൾ കുട്ടികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിന്റെ തുക പോലും നൽകാൻ ധനവകുപ്പിന്റെ പക്കൽ പണമില്ല. പെട്രോൾ അടിക്കാൻ പണമില്ലാതെ വലയുന്ന കേരള പോലീസ് പെട്രോൾ പമ്പുകൾക്ക് നൽകാനുള്ളത് 28 കോടി രൂപയാണ്. മെഡിക്കൽ കോളേജ് ഉൾപ്പെടെ ഒട്ടുമിക്ക ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതിനിടെയാണ് കോടികൾ മുടക്കി മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും കേരളീയമെന്ന പേരിൽ ധൂർത്തുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ജനവികാരം മാനിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചിരിക്കുകയാണ്.