സമരാഗ്നിയിൽ ജ്വലിക്കും, കൊല്ലത്തിന്റെ രാഷ്ട്രീയം
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന കെപിസിസി സമരാഗ്നി പ്രക്ഷോഭ യാത്ര നാളെ കൊല്ലം ജില്ലയിൽ പ്രവേശിക്കുകയാണ്. സമരാഗ്നി ഉയർത്തുന്ന രാഷ്ട്രീയ ജ്വാലയുടെ പ്രസക്തിയും പ്രാധാന്യവും വിലയിരുത്തുകയാണ്, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമായ ഡോ. ശൂരനാട് രാജശേഖരൻ.
? കെപിസിസി സമരാഗ്നി പ്രക്ഷോഭ ജാഥ കൊല്ലത്തെത്തുമ്പോൾ രാഷ്‌ട്രീയ ചൂട് എവിടെയെത്തും
പതിനെട്ടാമതു ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ഏതു നിമിഷവും പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രതിഷേധ പ്രക്ഷോഭം സമാപനത്തോട് അടുക്കുന്നത്. ജാഥ നാളെ കൊല്ലം ജില്ലയിൽ പ്രവേശിക്കും. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ജില്ലയിലേക്കു കടക്കും. 29നു സമാപിക്കും. അതിനുള്ളിലോ അതു കഴിഞ്ഞ് ഒട്ടും വൈകാതെയോ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കപ്പെട്ടേക്കാം. അതായത് സമരാഗ്നിയുടെ ജ്വാലകളിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അഗ്നിനാളങ്ങളിലേക്കാവും കൊല്ലത്തെ രാഷ്ട്രീയം കത്തിപ്പടരുക. പിന്നീടുള്ള രണ്ടു മാസം മീനച്ചൂടിനെ മറികടക്കുന്ന തെരഞ്ഞെടുപ്പ് ചൂടാകും ഇവിടെ വീശിയടിക്കുക.
? ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷ എവിടെവരെയുണ്ട്.
ഇന്ത്യാ സഖ്യം രൂപപ്പെട്ടതോടെ ദേശീയ തലത്തിൽ കോൺഗ്രസിനു വലിയ പ്രതീക്ഷയുണ്ട്. വർഗിയതയ്ക്കും ഫാസിസത്തിനും എതിരായ ജനവിധിക്ക് ജനങ്ങൾ തയാറെടുക്കുകയാണ്. തെക്കേ ഇന്ത്യയിലാണ് അതിന് ആക്കം കൂടുതൽ. കേരളമാകും അതിന്റെ പതാക വാഹകർ. അതിന്റെ അനുരണനങ്ങൾ കൊല്ലം ജില്ലയിലും അലയടിക്കും. ജില്ലയിൽ മൂന്നു പാർലമെന്റ് മണ്ഡലങ്ങളിലായി 11 നിയമസഭാ നിയോജക മണ്ഡലങ്ങളാണുള്ളത്. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 11 ഇടത്തും അന്നു യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. അന്നത്തേതിൽ കൂടുതൽ ഭൂരിപക്ഷം ഇക്കുറി എല്ലായിടത്തും നേടും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴ സീറ്റും ഇക്കുറി യുഡിഎഫിന് അനുകൂലമാകും.
? അതൊരു അമിതമായ ആത്മവിശ്വാസമല്ലേ
ഒരിക്കലുമല്ല. കാലത്തിന്റെ ചുവരെഴുത്ത് അതാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി ഭരണകൂടത്തോടും കേരളം ഭരിക്കുന്ന പിണറായി വിജയൻ ഭരണകൂടത്തോടും ജനങ്ങൾക്ക് വലിയ അവമതിപ്പുണ്ട്. രണ്ടു സർക്കാരുകൾക്കും എതിരായ ഭരണ വിരുദ്ധ വികാരം അതിശക്തമാണ്. തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും ഉപതെരഞ്ഞെടുപ്പുകളിൽ നമ്മളതു കണ്ടതാണ്. യുഡിഎഫ്കാരുടെ മാത്രം വോട്ടുകളല്ല അവിടെ ഭൂരിപക്ഷം ഉയർത്തിയത്. സിപിഎം അനുഭാവികളുടെ മാത്രമല്ല കേഡറുകളുടെയും ബിജെപി അംഗങ്ങളുടെയും വോട്ടുകൾ കൂടി കിട്ടിയതുകൊണ്ടാണ് ഇത്ര വലിയ ഭൂരിപക്ഷത്തിന് യുഡിഎഫിനു വിജയിക്കാനായത്. അതൊരു രാഷ്‌ട്രീയ സൂചികയാണ്. അതിശക്തമായ ഭരണ വിരുദ്ധ വികാരം കോൺഗ്രസിനും യുഡിഎഫിനും അനുകൂലമാണെന്നതിന്റെ സൂചന.
? കേന്ദ്ര സർക്കാരിനെയാണോ സംസ്ഥാന സർക്കിരിനെയാണോ ജനം കൂടുതൽ പുറന്തള്ളുക
രണ്ടിനെയും. ലോകത്തിനു മുന്നിൽ ഇന്ത്യ ഉയർത്തിക്കാട്ടിയ മതേതര ജനാധിപത്യ മുഖമാണ് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ വികൃതമായത്. മതാധിഷ്ഠിതമായ രാജ്യ നിർമിതിയെ ഭൂരിപക്ഷ സമുദായങ്ങൾ പോലും അംഗീകരിക്കുന്നില്ല. കഴിഞ്ഞ 75 വർഷമായി ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്ത മതേതര- ജനാധിപത്യ മൂല്യങ്ങളെല്ലാം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. മോദി സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ജനങ്ങളുടെ ഈ അസഹിഷ്ണുതയാണ്. തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ഉത്തരേന്ത്യയിൽ അലടയടിക്കുന്ന കർഷക സമരവും കേന്ദ്ര സർക്കാരിനു ശക്തമായ വെല്ലുവിളിയാകും. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ രോഷം അത്ര പെട്ടെന്നു ശമിപ്പിക്കാൻ മോദിക്കു കഴിയില്ല. രണ്ടു വർഷം മുൻപ് കൊടുത്ത ഉറപ്പുകളൊന്നും മോദി സർക്കാർ പാലിച്ചില്ല. സമരം ചെയ്യുന്ന കർഷകരെ വെടി വച്ചു കൊലപ്പെടുത്തിയും കള്ളക്കേസിൽ കുടുക്കി ജെയിലിലടച്ചും കർഷകരെ തണുപ്പിക്കാമെന്നു കരുതരുത്.
പിണറായി ഭരണത്തിൽ കേരളത്തിലെ മുഴുവൻ വിഭാഗം ജനങ്ങളും അതൃപ്തരാണ്. വേണ്ടപ്പെട്ടവരുടെ പുറംവാതിൽ നിയമനങ്ങളും വേണ്ടപ്പെട്ടവർക്കു വേണ്ടിയുള്ള കമ്മിഷൻ ഭരണവും സാർവത്രിക അഴിമതിയും മാത്രമാണ് ഇടതു ഭരണത്തിന്റെ മുഖമുദ്ര.
കൊല്ലം ജില്ലയിൽ കശുവണ്ടി മേഖല അപ്പാടെ തകർന്നു. പകുതിയിൽ കൂടുതൽ ഫാക്റ്ററികളും അടഞ്ഞു കിടക്കുന്നു. തുറന്നു പ്രവർത്തിക്കുന്നവയിൽ അൻപതു ദിവസം പോലും പണിയില്ല. ക്ഷേമനിധി പെൻഷനും ക്ഷേമ പെൻഷനും കിട്ടാതെ കശുവണ്ടി തൊഴിലാളികൾ പട്ടിണിയിലാണ്. മത്സ്യബന്ധന മേഖല താറുമാറായി. പരമ്പരാഗത തൊഴിൽ മേഖലകളും തകർച്ച നേരിടുന്നു. അതൊന്നും നേരേയാക്കാൻ സർക്കാരിനു പണമില്ല. ആറുമാസമായി മുടങ്ങിക്കിടക്കുന്ന സാമൂഹിക സുരക്ഷാ പെൻഷനുകളും ഈ തെരഞ്ഞെടുപ്പിൽ ചോദ്യം ചെയ്യപ്പെടും. ഇതെല്ലാം നൽകുന്നത് ഇടതുപക്ഷ വിരുദ്ധ ജനവികാരമാണ്.
ജില്ലയിലെ സമസ്ത വിഭാഗങ്ങളിലും നിന്നുള്ള ജനങ്ങൾ സമരാഗ്നിയിൽ പങ്കെടുക്കും. അരലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും അതിലും വലിയ ജനസഞ്ചയമാകും കൊട്ടാരക്കരയിലും കൊല്ലത്തും ഒഴുകിയെത്തുക. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഉത്തേജകമാകും ഈ പ്രതിഷേധ മാർച്ചെന്ന കാര്യത്തിൽ തർക്കമില്ല.