ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തം; മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല : രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡിവൈഎസ്പിയും പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ സത്കാരത്തിൽ പങ്കെടുത്തത് പോലീസ് സേനയുടെ ജീർണാവസ്ഥയുടെ തെളിവാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പോലീസും ഗുണ്ടാ മാഫിയകളുമായുള്ള ബന്ധം ശക്തി പ്രാപിച്ചു വരികയാണ്. ഗുണ്ടാപ്രവർത്തനങ്ങൾ തടയേണ്ടവർ തന്നെ അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വളർത്തികൊണ്ട് വരികയാണ്. ഇവരെ നിയന്ത്രിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
"ഇവിടെ ഡിജിപി ഉണ്ടോയെന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആർക്കും അറിയില്ല. ഗുണ്ടകളും മാഫിയ സംഘങ്ങളും അഴിഞ്ഞാടുമ്പോൾ പോലീസിലെ ഉന്നതർ അവരെ സഹായിക്കുകയാണ്. ഇവർക്ക് ഭരിക്കുന്ന പാർട്ടിയുടെ സഹായമുണ്ട്. പോലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധം ശക്തമാകാൻ ഇതാണ് കാരണം.
142 കൊലപാതകങ്ങൾ ഇതുവരെ നടന്നു. തെരഞ്ഞെടുപ്പിന് മുൻപ് 1880 പേരുടെ പട്ടിക തയ്യാറാക്കിയെങ്കിലും 180 ഗുണ്ടകളെ മാത്രമാണ് പിടിക്കാനായത്. തലസ്ഥാനത്ത് പോലും ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഗുണ്ടാ വിളയാട്ടം ഇല്ലാതാക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ രക്ഷാ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം. രാഷ്ട്രീയ ഇടപെടൽ കൊണ്ട് കാര്യക്ഷമതയുള്ള പോലീസ് ഉദ്യോഗസ്ഥർ പോലും നോക്കുകുത്തികളായി മാറുകയാണെന്നും ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാൻ ആകുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.