സിനിമ ഷൂട്ടിങ് സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു: പുക പരിസരവാസികള്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചു
കളമശ്ശേരി: സിനിമ ഷൂട്ടിങ് സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതില്‍ നിന്നുയര്‍ന്ന പുക പരിസരവാസികള്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചു. ഏലൂര്‍ പുത്തലം റോഡിന് സമീപം ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്ലാസ്റ്റിക്ക് അടക്കം ഷൂട്ടിങ് സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതില്‍ നിന്നും ഉയര്‍ന്ന പുകയാണ് പരിസരവാസികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് പുക ഉയരാന്‍ തുടങ്ങിയത്. വൈകീട്ടായതോടെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഏലൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ അണക്കാന്‍ ശ്രമം ആരംഭിച്ചു. പിന്നാലെ ആലുവ, തൃക്കാക്കര തുടങ്ങിയ ഇടങ്ങളില്‍ നിന്നും കൂടുതല്‍ യൂനിറ്റുകള്‍ എത്തി. രാത്രിയിലും പുക ശമിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന സിനിമയുടെ പ്രധാന സെറ്റിന്റെ അവശിഷ്ടങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. ആറടിയോളം ഉയരത്തില്‍ ഉണ്ടായിരുന്ന അവശിഷ്ടങ്ങള്‍ക്കാണ് തീയിട്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തീയിട്ടവര്‍ സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. സംഭവമറിഞ്ഞ് ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ എ.ഡി. സുജില്‍, പൊലീസ് ഫാക്ട് അധികൃതര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.